ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ വിഷയത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, മറ്റുള്ളവർക്ക് വേദനയുണ്ടാക്കിയെങ്കിൽ വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും പറഞ്ഞു. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ കടുത്ത ഭാഷയിലായിരുന്നു സജി ചെറിയാന്റെ വിമർശനം. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം.

മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കുക്കികൾക്കെതിരെ മെയ‍്-ത്തി സായുധ സന്നദ്ധസംഘടനകൾ രംഗത്തുവന്നു. 200 ലധികം പേരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേര്‍ ഭവനരഹിതര്‍ ആക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുകയോ ചെയ്തില്ലെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി. ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 700 ഓളം ആക്രമണങ്ങളാണ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here