വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കൈവയ്പുശുശ്രൂഷവഴി റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് 1999 ജനുവരി ആറാം തീയതി കോട്ടയം രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാവുകയും 2006 ജനുവരി 14 -ാം തീയതി കോട്ടയം അതിരൂപതാധ്യക്ഷനായി സ്ഥാനമേല്‍ക്കുകയും ചെയ്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടന്നു.

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്ന അഭിവന്ദ്യ പിതാക്കന്മാരും വൈദികരും ബിഷപ്സ് ഹൗസില്‍ ഒരുമിച്ചുചേര്‍ന്ന് തിരുവസ്ത്രങ്ങളണിഞ്ഞു. 2.15ഓടെ ബിഷപ്സ് ഹൗസ് അങ്കണത്തില്‍നിന്നും ക്രിസ്തുരാജാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിലേക്കുളള പ്രദക്ഷിണത്തിനു തുടക്കമായി. കത്തീഡ്രലില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ജൂബിലി തിരി തെളിക്കുകയും കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിശുദ്ധ കുര്‍ബാനയില്‍ വചനസന്ദേശം നല്‍കി. മെത്രാപ്പോലീത്താമാരും മെത്രാന്മാരും സന്യാസസഭാ സുപ്പീരിയര്‍മാരും വികാരി ജനറാള്‍മാരും വൈദികരും സഹകാര്‍മ്മികരായി പങ്കെടുത്തു. അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സമര്‍പ്പിത സമൂഹങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും അംഗങ്ങള്‍ പങ്കെടുത്തു.

പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിജയപുരം രൂപതാമെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ ഉപവി-സാമൂഹ്യപ്രതിബദ്ധതാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഭാരത കത്തോലിക്ക മെത്രാന്‍സമിതി പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതവും ഗീവര്‍ഗീസ് മാര്‍ അപ്രേം കൃതജ്ഞതയുംഅര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here