കൊച്ചി : നിര്‍ഭയ പദ്ധതി തകര്‍ക്കാതിരുന്നെങ്കില്‍ ജിഷ ഇപ്പോഴും  ജീവിച്ചിരുന്നേനെയെന്ന് എഡിജിപി ആര്‍ ശ്രീലേഖ. ‘ജിഷ,  മാപ്പ്’ എന്നപേരിലെഴുതിയ ബ്ളോഗിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികളെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന പരാമര്‍ശം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഉണ്ടാക്കിയ നിര്‍ഭയ സെല്‍ നിശ്ചലമായിട്ട് നാളേറെയായി. ‘2014 ജൂലൈ മുതല്‍ നിര്‍ഭയ പദ്ധതി കോമയിലാണ്. അധികം വൈകാതെ ജീവനോടെ കുഴിച്ചുമൂടപ്പെടും. നിസ്സഹായരായ കേരളത്തിലെ സ്ത്രീകള്‍ നിരന്തരം ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു’– ബ്ളോഗില്‍ കുറിച്ചു. 

നിര്‍ഭയയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായും ശ്രീലേഖ പറഞ്ഞു. ജിഷവധത്തിന്റെ പശ്ചാത്തലത്തില്‍ ‘അരക്ഷിതരായ സ്ത്രീകളും കുട്ടികളും’ എന്ന വിഷയത്തില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മൂവ്മെന്റ് എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ശ്രീലേഖ. നിര്‍ഭയക്ക് പുനരുജ്ജീവനമാണ് വേണ്ടത്. പുതിയൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി നിര്‍ഭയയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അത് തീര്‍ത്തും പരാജയപ്പെട്ടു.

അപ്രത്യക്ഷരാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുകയാണ്. ഓരോ വര്‍ഷവും അവര്‍ക്കെതിരായ അതിക്രമങ്ങളും കൂടിവരുന്നു. സ്ത്രീസുരക്ഷയ്ക്ക് ഉണ്ടാക്കിയ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. പ്രതികരണശേഷിയില്ലാത്ത സമൂഹത്തിന് മാറ്റംവരുത്തണമെങ്കില്‍ സാമൂഹ്യ അവബോധം വേണം. പൊലീസ്സേനയില്‍ ഇന്ന് വനിതാ പൊലീസുകാരുടെ എണ്ണം രണ്ടായിരത്തോളം മാത്രമാണ്. ഇത്രയും പേരെ വച്ചുകൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള സുരക്ഷാ സമിതികള്‍ ഉണ്ടാക്കാനാകില്ല. അതിന് വനിതാ പൊലീസുകാരുടെ എണ്ണം കൂട്ടണം. പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ശ്രീലേഖ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here