നിയമസഭയില്‍ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഗവര്‍ണര്‍. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളൊന്നും ഗവര്‍ണര്‍ വായിച്ചില്ല. ഗവർണ്ണറുടെ അസാധാരണ നീക്കങ്ങളുടെ പിന്നാലെ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി സ്വീകരിച്ച വേളയില്‍പ്പോലും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്ത് നോക്കിയില്ലെന്നതും ശ്രദ്ധേയമാണ്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ മഞ്ഞുരുകാനുള്ള സാധ്യതയോ സൂചനപോലുമോ ഇല്ലാതെയാണ് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചത്.

കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്റെ ജനങ്ങള്‍, എന്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എന്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here