എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക്. അന്വേഷണം സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്ര സർക്കാരിനു നൽകാനാണ് നിർദേശം.ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം എസ്എഫ്ഐഒയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ് ഐഒ.

എസ്.എഫ്.ഐ.ഒ പരിശോധിക്കുന്നത്, കെ.എസ്.ഐ.ഡി.സിയുടെ 2012–13 സാമ്പത്തിക വര്‍ഷം മുതലുള്ള ഇടപാടുകളായിരിക്കും. ഈ കാലം മുതലുള്ള കമ്പനിയുടെ ഓഡിറ്റുചെയ്ത കണക്കുകളും ബോര്‍ഡ് തീരുമാനങ്ങളുടെ മിനുറ്റ്സും ഇന്നലെ നടത്തിയ പരിശോധനയില്‍ എസ്.എഫ്.ഐ.ഒ ശേഖരിച്ചു. ഇതേസമയം കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യുന്നതിനായി വൈകാതെ നോട്ടീസ് നല്‍കും. മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കെ.എസ്.ഐ.ഡി.സിക്ക് ഇ മെയില്‍ അയച്ചത്. 1. 2012–13 സാമ്പത്തിക വര്‍ഷം മുതലുള്ള കെ.എസ്.ഐ.ഡി.സിയുടെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റിന്‍റെ പകര്‍പ്പുകള്‍. 2. അക്കാലം മുതലുള്ള ബോര്‍ഡ് തീരുമാനങ്ങളുടെ പകര്‍പ്പ്. 3. കെ.എസ്.ഐ.ഡി.സിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ഡിജിറ്റല്‍ പകര്‍പ്പ്. ഇന്നലെ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഇതു മൂന്നും എസ്.എഫ്.ഐ.ഒ ശേഖരിച്ചു.

ഈ കാലഘട്ടം മുതല്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലിന്‍റെ വരുമാനത്തില്‍ വന്നിരിക്കുന്ന മാറ്റമാണ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇതില്‍ കെ.എസ്.ഐ.ഡി.സിയുടെ പങ്ക് എന്താണ് എന്ന അന്വേഷണമാണ് നടക്കുന്നതെന്നാണ് സൂചന. കെ.എസ്.ഐ.ഡി.സിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, കമ്പനി സെക്രട്ടറി, ഐ.ടി ഹെഡ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

105 ലക്ഷം രൂപയാണ് കെ.എസ്.ഐ.ഡി.സി, സി.എം.ആര്‍.എലില്‍ നടത്തിയിരിക്കുന്ന നിക്ഷേപം. ഇതേസമയം സി.എം.ആര്‍.എലുമായുള്ള ദുരൂഹ പണമിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ എസ് എഫ് ഐ ഒ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന്‍റെ ബംഗളൂരു മേൽവിലാസത്തിലാവും നോട്ടീസ് നൽകുക. അതിനാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്തേക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here