കൊച്ചി: ഭാരത് റൈസിനെ ഇലക്ഷന്‍ റൈസെന്നാണ് വിളിക്കേണ്ടതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ബിജെപി ഭരിച്ച 10 വര്‍ഷം ഇങ്ങനെയുള്ള അരി കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് റൈസുമായി ബിജെപി ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. ബിജെപി കേരളത്തോട് ചെയ്ത കൊടും പാതകത്തെ ഭാരത് റൈസ് അരിവിതരണത്തിലൂടെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

കേന്ദ്ര അവഗണനയില്‍ ഗത്യന്തരമില്ലാതെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമിപ്പിച്ചത്. കേരളത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് സുപ്രീം കോടതിക്ക് മനസ്സിലായിട്ടുണ്ട്. അത് കൊണ്ടാണ് ആദ്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. പ്രളയകാലത്ത് നല്‍കിയ അരിയ്ക്ക് വരെ കണക്ക് പറഞ്ഞ് കാശ് വാങ്ങിയവരാണ് കേന്ദ്രം. ഷൈലോക്കിനെ പോലെ കേന്ദ്രം കണക്ക് പറഞ്ഞ് കാശ് വാങ്ങി. ആ കേന്ദ്രമാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇപ്പോള്‍ ഭാരത് അരിയുമായി ഇറങ്ങിയിരിക്കുന്നത്. പ്രളയകാലത്തെ അരിയ്ക്ക് പണം വാങ്ങിയതിന് ആദ്യം മറുപടി പറയണം.

സപ്ലൈകോ വിഷയത്തില്‍ തെറ്റായ പ്രചരണം നടക്കുന്നുണ്ട്. ജനകീയ ഹോട്ടല്‍ പദ്ധതിക്കായി 161 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. 993 ഹോട്ടലുകള്‍ക്ക് സബ്‌സിഡിയായി ഈ തുക നല്‍കി. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്തും സര്‍ക്കാര്‍ സബ്‌സിഡി നല്‍കി. കുടുംബശ്രീയിലൂടെ 3 ലക്ഷം തൊഴില്‍ അടുത്ത വര്‍ഷം നല്‍കാനാണ് ലക്ഷ്യം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കേരളം ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി മാറിയതില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണെന്നും എം ബി രാജേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here