എടൂര്‍ സ്‌നേഹഭവനിലെ കുട്ടികള്‍ക്ക് ഉല്ലാസ യാത്രയൊരുക്കി പ്രവാസിയായ ജോയി പാരിക്കാപ്പള്ളി. എടൂര്‍ സ്‌നേഹ ഭവനിലെ പതിനേഴ് കുട്ടികള്‍ക്കാണ് ജോയി പാരിക്കാപ്പള്ളി ഒരു ദിവസത്തെ ഉല്ലായ യാത്ര ഒരുക്കി നല്‍കിയത്. കുട്ടികളോടൊപ്പം എടൂര്‍ ഫൊറോന വികാരി ഫാ. വടക്കേ മുറിയും സ്‌നേഹഭവനില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റേഴ്‌സും ജോയി പാരിക്കാപ്പള്ളിയും വണ്‍ ഡേ ടൂറില്‍ പങ്കെടുത്തു. ഒരു ദിവസത്തെ പിക്‌നിക്കും വൈകുന്നേരം ഒരു സിനിമയും കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രമെടുക്കാനുള്ള അവസരവും ജോയി പാരിക്കാപ്പള്ളി അവര്‍ക്കായി ഒരുക്കി നല്‍കി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസക്കാരായ ജോയിയും കുടുംബവും ഇതിനു മുന്‍പും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ഭവനരഹിതര്‍ക്ക് വീടൊരുക്കി നല്‍കുന്ന അമേരിക്കന്‍ മലയാളികളുടെ സംഘടനയായ കൈരളിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ജോയി പാരിക്കാപ്പള്ളി. ദിവസവും തന്റെ സമ്പാദ്യത്തില്‍ ചെറിയൊരു തുക മാറ്റി വെച്ചാണ് ജോയി പാരിക്കാപ്പള്ളി കുട്ടികള്‍ക്കായി ഇങ്ങനെയൊരു ഉല്ലാസയാത്ര ഒരുക്കിയത്.

മറ്റുള്ളവരെ കഴിയുന്ന വിധത്തില്‍ സഹായിക്കണമെന്ന ആഗ്രഹം അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണെന്ന് ജോയി പറയുന്നു. വീട്ടില്‍ വരുന്നത് ആരായാലും വയറു നിറച്ച് ഭക്ഷണവും സ്‌നേഹവും നല്‍കിയാണ് അമ്മ മടക്കി അയച്ചിരുന്നത്. അമ്മയ്ക്ക് ആരോടും വലുപ്പചെറുപ്പമുണ്ടായിരുന്നില്ല. ആ രീതി പിന്തുടരാനാണ് ആഗ്രഹം. പിന്നീട് ഭിന്നശേഷി കുട്ടികള്‍ക്കായി ജീവിതം മാറ്റിവെച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ജീവിതവും ഏറെ പ്രചോദനമായെന്നും ജോയി പാരിക്കാപ്പള്ളി പറഞ്ഞു. താന്‍ ഒരുപാട് സമ്പന്നനല്ല. എങ്കിലും ഉള്ളതില്‍ നിന്ന് തന്നാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കുന്നത് തുടരുമെന്നും ജോയി പറഞ്ഞു.

https://www.facebook.com/watch/?v=1505432686689419

LEAVE A REPLY

Please enter your comment!
Please enter your name here