ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒറ്റ വരി വിധിയാണ് പുറപ്പെടുവിച്ചത്. ‘ഹര്‍ജി തള്ളുന്നു, നാളെ രാവിലെ 10.30ന് വിശദമായ വിധിപ്പകര്‍പ്പ് നല്‍കാം’ എന്നാണ് കോടതി പറഞ്ഞത്.

കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്എഫ്ഐഒ അന്വേഷണം. അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമാണ് എസ്എഫ്ഐഒ അന്വേഷണം അനിവാര്യം. രണ്ട് കമ്പനികള്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം നടത്തിയതിന് എസ്എഫ്ഐഒ അന്വേഷണം ആനുപാതികമല്ലെന്നുമായിരുന്നു എക്സാലോജികിന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്.

എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാടിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങള്‍ പൂര്‍ണമായി സഹകരിച്ചു. എന്നിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാന്‍ വേണ്ടി എക്‌സാലോജികിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദം. എസ്എഫ്‌ഐഒ പോലെ ഒരു ഏജന്‍സിയില്‍ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സിഎംആര്‍എല്ലിന്റെ ഇടപാടില്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായാണ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് വ്യക്തമാക്കിയത്. വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് സിഎംആര്‍എല്‍ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറിയെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതില്‍ 1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നല്‍കാതെ നല്‍കിയതിനും തെളിവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here