വിവിധ കേന്ദ്രങ്ങളില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 79 ഇടത്ത് എന്‍ഡിഎയും 32 ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ത്തിയാകുന്നതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ 20 കേന്ദ്രങ്ങളിലാണ് നടക്കുന്നത്.

വോട്ടെണ്ണല്‍ ഇങ്ങനെഓരോ ലോക്സഭാമണ്ഡലത്തിലെയും നിയമസഭാമണ്ഡലങ്ങള്‍ തിരിച്ചാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ നിയമസഭാമണ്ഡലത്തിന്റെയും പരിധിയിലുള്ള വോട്ടുകളെണ്ണാല്‍ ഓരോ ഹാള്‍ വീതമുണ്ടാകും. ഒരു ഹാളില്‍ പരമാവധി 14 ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും.

വരണാധികാരിയുടെ ടേബിളിലാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക.അതത് ടേബിളുകളില്‍ എത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത നിലയില്‍ത്തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും തുറക്കുക. തുടര്‍ന്ന് കൗണ്ടിങ് സൂപ്പര്‍വൈസര്‍ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തും. യന്ത്രത്തില്‍ തെളിയുന്ന വോട്ടുകള്‍ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് രേഖപ്പെടുത്തും. ഒരു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകന്‍ ഏതെങ്കിലും രണ്ട് യന്ത്രങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് ഉറപ്പുവരുത്തും. ഈ പരിശോധനയ്ക്കുശേഷം വരണാധികാരി ആ റൗണ്ടിലെ കണക്കുകള്‍ പ്രഖ്യാപിക്കും.എല്ലാ ഇവിഎമ്മുകളും എണ്ണിയശേഷം വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കും. ഏതെങ്കിലും 5 പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകളാണ് ശരിക്കുള്ള ഫലവുമായി ഒത്തുനോക്കുക.