മൂവാറ്റപുഴ : വിവാദസ്വാമി സന്തോഷ് മാധവന് പങ്കാളിത്തമുള്ള സ്വകാര്യകമ്പനിക്ക്  128 ഏക്കര്‍ പതിച്ചുനല്‍കിയ സംഭവത്തില്‍ മുന്‍മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭൂമി പതിച്ച് നല്‍കിയ സംഭവത്തില്‍ മുന്‍മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും  അടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മുന്‍മന്ത്രിമാര്‍ക്കു പുറമെ സ്ഥലം ഉടമ സന്തോഷ് മാധവന്‍, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എംഡി ബി എം ജയശങ്കര്‍ എന്നിവരെക്കൂടി പ്രതിചേര്‍ത്ത് കേസെടുക്കാനായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി പി മാധവന്റെ ഉത്തരവ്.

ക്രിമിനല്‍ ശിക്ഷാനിയമത്തിലെ 13 (ബി), 409 വകുപ്പുകളും 1988ലെ അഴിമതിനിരോധന നിയമത്തിലെ 13 (1), (സി), (ഡി), ),- (i), (ii), (iii),- 15 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍, എറണാകുളം ജില്ലകളിലായി 127.85 ഏക്കര്‍ തണ്ണീര്‍ത്തടം ഐടി വികസനത്തിനെന്ന പേരില്‍ പതിച്ചുനല്‍കാന്‍ ഫെബ്രുവരി 25ലെ മന്ത്രിസഭായോഗമാണ് അജന്‍ഡയിലില്ലാതെ അടിയന്തര തീരുമാനമെടുത്തത്. വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര വില്ലേജിലെ 95.44 ഏക്കറും തൃശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മഠത്തുംപടി വില്ലേജിലെ 32.41 ഏക്കറുമാണ് വിട്ടുനല്‍കാന്‍ നിര്‍ദേശിച്ചത്.  ഇതിനായി കേരള ഭൂപരിഷ് കരണനിയമത്തിലെ 81(3) വകുപ്പ് ഇളവുചെയ്യാനും തീരുമാനിച്ചു. യുഡിഎഫ് മന്ത്രിസഭയുടെ നടപടി അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ഗിരീഷ്ബാബു സമര്‍പ്പിച്ച പരാതിയിലായിരുന്നു കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here