കൊച്ചി: ഐഎസ് തീവ്രവാദികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊച്ചിയും വിറയ്ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുമെന്ന ഐ.എസ്. ഭീഷണിയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും അതീവ ജാഗ്രത. ജൂലൈ അഞ്ചുവരെ വിമാനത്താവള ടെര്‍മിനലിനകത്തേക്കും സന്ദര്‍ശക ഗാലറിയിലേക്കും പ്രവേശം നിരോധിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ എന്‍.ഐ.എ പിടികൂടിയ പത്ത് ഐ.എസ്. അനുഭാവികളെ ചോദ്യം ചെയ്തപ്പോഴാണ് ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ആറ് മാസത്തിനുള്ളില്‍ പല തവണ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രക്കാരനായ മനോരോഗി പാസൊന്നും കൂടാതെ രാജ്യാന്തര ടെര്‍മിനലിനകത്ത് കയറിയതുസംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വരെ ദേഹപരിശോധന കര്‍ശനമായി നടത്തണമെന്നാണ് നിര്‍ദേശം. കവാടത്തിലും രണ്ടാം ഗേറ്റിലും യാത്രക്കാരുടെയും ടെര്‍മിനലിലേക്ക് പ്രവേശിക്കുന്ന കസ്റ്റംസ്എമിഗ്രേഷന്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെയും ഡ്യൂട്ടിപാസുകള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് സി.ഐ.എസ്.എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതുകൂടാതെ വിമാനത്തിനകത്തേക്ക് കയറുന്നതിനുമുമ്പായും യാത്രക്കാരെ പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് എത്തുന്നതും പാര്‍ക്ക് ചെയ്യുന്നതുമായ വാഹനങ്ങളും നിരീക്ഷിക്കുന്നുണ്ട്. ബോംബ്‌സ്‌ക്വാഡും ഡോഗ ്‌സ്‌ക്വാഡും 24 മണിക്കൂറും ടെര്‍മിനലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here