തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിക്കപ്പെട്ട ഗീത ഗോപിനാഥ്. നിയമനം വിവാദത്തിലേക്കു നീങ്ങിയതോടെയാണ് വിശദീകരണവുമായി ഗീത ഗോപിനാഥ് രംഗത്തെത്തിയത്. ശമ്പളമില്ലാത്ത പദവിയാണ് താൻ ഏറ്റെടുക്കുന്നതെന്ന് ഗീത പറഞ്ഞു. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോൾ മാത്രമേ ഇടപെടുകയുള്ളൂ. ഹാർവാഡ് സർവകലാശാലയിൽ തന്നെ തുടരുമെന്നും ഗീത ഗോപിനാഥ് അറിയിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ സൂചകങ്ങളിൽ മുൻനിരയിലുള്ള കേരളം എന്റെയും ജന്മനാടാണ്. നമ്മുടെ സംസ്ഥാനത്തിന്റെ തനതായ വികസന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ എന്റെ പങ്ക് നിർവഹിക്കാൻ ഞാൻ ശ്രമിക്കും. കേംബ്രിഡ്‌ജിൽ പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ് ഇക്കാര്യം അവർ വ്യക്തമാക്കിയത്.

പ്രതിഫലം കൂടാതെയാണ് ഞാനീ പദവി വഹിക്കുന്നത്. കേരളത്തിലേക്ക് വരികയോ, സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയോ ചെയ്യില്ല. മറിച്ച് ഞാൻ ഹാർവാർഡ് സർവകലാശാലയിൽ തുടർന്ന് കൊണ്ട് അധ്യാപനവും ഗവേഷണവും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടുതരത്തിലാണ് എന്റെ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നത്. കേരളത്തിലെ സമ്പദ്ഘടനയെ ബാധിക്കുന്ന, ദേശീയതലത്തിലോ രാജ്യാന്തരതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകുന്ന എതെങ്കിലും സംഭവങ്ങൾ, നയപരമായ തീരുമാനങ്ങൾ എന്നിവയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയെന്നതാണ് ഒന്ന്. ലോകത്തിന്റെ ഏത് കോണിലിരുന്നും ഇവയോടു പ്രതികരിക്കും. ധനകാര്യം, മാനേജ്മെന്റ്, തൊഴിൽ, വികസന സാമ്പത്തികശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ലോകത്തിന്റെ പലഭാഗത്തുമുള്ള വിദഗ്ധരെ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തുന്നതിൽ സഹായിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം.

ഈ രണ്ട് കാര്യങ്ങളിലുമായി എന്റെ ജോലി പരിമിതപ്പെടുത്തും. എന്‍റെ ഉപദേശം സ്വീകരിക്കുവാനോ തള്ളിക്കളയാനോ മുഖ്യമന്ത്രിക്കും, ഞാൻ നിർദ്ദേശിക്കുന്നവരുമായി ബന്ധപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വകുപ്പുകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്റെ ജോലിയുടെയും താമസത്തിന്റെയും സ്വഭാവമനുസരിച്ച് സർക്കാരിന്റെ നയങ്ങളെക്കുറിച്ച് കൂടെക്കൂടെ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനം ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം വികസനത്തിന്റെ പുത്തൻ അധ്യായം രചിക്കാൻ സംസ്ഥാനത്തെ പ്രാപ്‌തമാക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും ഗീത ഗോപിനാഥ് പ്രസ്‌താവനയിൽ പറഞ്ഞു.

നവഉദാരവൽക്കരണ നയങ്ങളുടെ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതിന്റെ ഒൗചിത്യമാണ് സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്. സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്തു പുറത്തുനിന്നൊരു ഉപദേഷ്‌ടാവ് എന്തിനെന്ന ചോദ്യവും സജീവമാണ്. ഇന്ത്യൻ സമ്പദ്ഘടനയെ തകർച്ചയിൽനിന്ന് രക്ഷിച്ചത് നരേന്ദ്ര മോദിയുടെ സർക്കാരാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കരണ പരിപാടികളിലാണ് പ്രതീക്ഷയെന്നും വിവിധ അഭിമുഖങ്ങളിൽ ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു.

ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ഇടതുപക്ഷം ശക്തമായ പോരാട്ടം നടത്തിയപ്പോൾ ബിൽ പാസാക്കണം എന്ന നിലപാടിലായിരുന്നു അവർ. മോദി സർക്കാരിന്റെ തൊഴിൽ നിയമ പരിഷ്‌കരണം തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഇടതുപക്ഷം ശക്തമായ എതിർപ്പുയർത്തുന്നുണ്ട്. എന്നാൽ തൊഴിൽ നിയമ പരിഷ്‌കരണത്തെ അനുകൂലിക്കുന്നയാളാണ് ഗീത ഗോപിനാഥ്. കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കൽ, ക്ഷേമ പദ്ധതികൾക്കായി സർക്കാർ പണം ചിലവഴിക്കുന്നത് കുറയ്ക്കൽ, പൊതുമേഖലയുടെ പ്രാധാന്യം കുറച്ചുകൊണ്ടുവന്ന് കൂടുതൽ സ്വകാര്യവത്‌കരണം നടപ്പാക്കൽ തുടങ്ങിയവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സാമ്പത്തിക വിദഗ്‌ദയാണ് ഗീത ഗോപിനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here