നാളെയീ പീതപുഷ്പങ്ങള്‍ പൊഴിഞ്ഞിടും പാതയില്‍ നിന്നെത്തിരഞ്ഞിറങ്ങും, കൊല്ലപ്പരീക്ഷ എത്താറായി സഖാവെ കൊല്ലം മുഴുക്കെ ജയിലിലാണോ ‘യൂട്യൂബില്‍ ഹിറ്റ് നേടി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി ആര്യ ദയാലിന്റെ കവിതാലാപനം. വിപ്ലവവും പ്രണയവും ചാലിച്ച് സിനിമ പ്രവര്‍ത്തകനായ സാം മാത്യു രചിച്ച സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ദയാല്‍ ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഹിറ്റ് നേടിയത്.

കോളേജിലെ സഖാവിനോട് പൂമരത്തിന് തോന്നിയ പ്രണയം പറഞ്ഞ ‘സഖാവ്’ എന്ന പ്രണയസുന്ദരമായ കവിത നേരത്തെ തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചിരുന്നു. കവിതയ്ക്ക് ശബ്ദം നല്‍കി നിരവധി പേര്‍ നവമാധ്യമങ്ങളിലെത്തിയിരുന്നുവെങ്കിലും ആര്യ ദയാലിന്റെ കവിത സോഷ്യല്‍ മീഡിയയും ഏറ്റുപാടിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കവിത ആലാപനത്തിന്റെ സെല്‍ഫി വീഡിയോ ഇതിനോടകം തന്നെ അരലക്ഷത്തോളം പേരാണ് കണ്ടത്.

വിപ്ലവ മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത ക്യാംപസ്സിനുള്ളിലെ മഞ്ഞപ്പൂമരത്തിന് കോളേജിലെ വിദ്യാര്‍ത്ഥിയോട് തോന്നിയ പ്രണയമാണ് കവിതയുടെ ഇതിവൃത്തം. പ്രണയാര്‍ദ്രമായ വരികളില്‍ വിപ്ലവവും ചാലിച്ചാണ് കവിതയുടെ രചന. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ആര്യ ദയാല്‍ കോളേജിലെ മൂന്നാം വര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മികച്ച ഗായിക കൂടിയായ ആര്യ സര്‍വ്വകലാശാല മത്സരങ്ങളിലെ വിജയി കൂടിയാണ്. സിനിമ രംഗത്ത് സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന സാം മാത്യു എഡിയാണ് കവിത രചിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here