കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുള്ള മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഗീത ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. തൃപ്പൂണിത്തുറയിലെ എസ്.ബി.ടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വിജിലന്‍സ് ഇക്കാര്യം മനസിലാക്കിയത്. മുന്‍പ് കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല എന്നുമാത്രമല്ല, 1000 രൂപയില്‍ താഴെ മാത്രമായിരുന്നു ഇരുവരുടെയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. മക്കളുടെ രണ്ടുപേരുടെയും ലോക്കറില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 2016 വരെ ബാബുവിന്റെ ആകെ ആസ്തി 1.90 കോടിയാണെന്നിരിക്കെയാണ് റെയ്ഡില്‍ തുകയൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബിജി ജോര്‍ജാണു ബാങ്കിലെത്തി കംപ്യൂട്ടറിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നതു ഗീതയെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാങ്കിന്റെ റിസപ്ഷനിലെ ക്യാമറയിലുള്ള ദൃശ്യങ്ങളാണു വിജിലന്‍സ് ശേഖരിച്ചത്. ലോക്കര്‍ ഇരിക്കുന്ന ഭാഗത്തു ക്യാമറ ഇല്ലാത്തതിനാല്‍ ഇവര്‍ ലോക്കറില്‍നിന്ന് എടുത്തത് എന്താണെന്നു വ്യക്തമായിട്ടില്ല. കെ. ബാബുവിന്റെ തൃപ്പൂണിത്തുറ എസ്.ബി.ടി ശാഖയിലെയും ഭാര്യ ഗീതയുടെ എസ്.ബി.ഐ ശാഖയിലെയും ലോക്കറുകള്‍ ഈ മാസം ആദ്യം വിജിലന്‍സ് പരിശോധിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ബാബുവിനും ബന്ധുക്കള്‍ക്കും അക്കൗണ്ടുള്ള മുഴുവന്‍ ബാങ്കുകളിലെയും സി.സി. ടിവി ദൃശ്യങ്ങള്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെല്ലാം ദിവസങ്ങളില്‍ ആരെല്ലാം ലോക്കറുകള്‍ ഉപയോഗിച്ചു എന്നും പരിശോധിക്കും. ജൂലൈ 27 നും സെപ്റ്റംബര്‍ പത്തിനും ഗീത എസ്.ബി.ടി. ശാഖയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദിവസങ്ങളില്‍ അവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ല. ലോക്കറിലുള്ള വസ്തുക്കള്‍ മാറ്റാന്‍ വേണ്ടി മാത്രമാകണം ഗീത എത്തിയതെന്നാണ് വിജിലന്‍സിന്റെ അനുമാനം.
ഇതിനിടെ, തേനിയില്‍ നാലിടത്ത് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് കെ. ബാബുവിന്റെ മരുമക്കളായ വിപിന്‍, രജീഷ് എന്നിവരെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബാങ്ക് വായ്പയും ബിസിനസിലെ വരുമാനവും ഉപയോഗിച്ചാണ് 2008 ല്‍ ഭൂമി വാങ്ങിയതെന്നാണ് ഇരുവരും വിശദീകരണം നല്‍കിയത്. 94 ലക്ഷം രൂപയാണു ചെലവാക്കിയത്. ഇതിന്റെ ഒരു ചെറിയ ശതമാനം മാത്രമാണു ബാങ്ക് വായ്പയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിശദീകരണം തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തേനിയില്‍ കെ. ബാബു ബിനാമി ഇടപാടു നടത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here