കോഴിക്കോട്:നാടുമുഴുവന്‍ തെരുവുനായ്ക്കു പിന്നാലെ ഓടുമ്പോള്‍ പന്തീരങ്കാവില്‍ അങ്ങനെയല്ല കാര്യങ്ങള്‍. തങ്ങളില്‍ നൊമ്പരമുയര്‍ത്തി വിട്ടുപിരിഞ്ഞ നായയുടെ ഓര്‍മയ്ക്കായി കോഴിക്കോട്ടെ പള്ളിപ്പുറം ഗ്രാമം നിര്‍മിച്ചത് ബസ് സ്റ്റോപ്പ് ആണ്. കൂടാതെ 41ാം ചരമദിനവും ആചരിച്ചു. ഒമ്പതുവര്‍ഷം മുമ്പാണ് ഒളവണ്ണ പഞ്ചായത്തില്‍പ്പെട്ട പള്ളിപ്പുറത്തേക്ക് നായക്കുട്ടി കടന്നുവരുന്നത്.
നാട്ടുകാര്‍ അതിനൊരുപേരുംനല്‍കി’ഉദ്ദണ്ഡന്‍’. എവിടെനിന്നോ എത്തി സപ്തകലാ കായികവേദിയുടെ മുന്നില്‍ വരാന്തയില്‍ താമസമാക്കിയ ഉദ്ദണ്ഡന്‍ ദിവസങ്ങള്‍ക്കകം നാടിന്റെ മുഴുവന്‍ സ്‌നേഹം പിടിച്ചുപറ്റി.
തെരുവുനായ്ക്കളെ കല്ലെറിഞ്ഞ് ഓടിക്കുമ്പോഴും ഉദ്ദണ്ഡനെ ഈര്‍ക്കിലികൊണ്ട് തല്ലാന്‍പോലും ഒരാളും തയ്യാറല്ലായിരുന്നു. ഭക്ഷണവും പരിചരണവും നല്‍കി വീട്ടിലെ ഒരംഗത്തെപ്പോലെ സ്‌നേഹിക്കാന്‍ നാട്ടുകാര്‍ മത്സരിച്ചു. എല്ലാവരുടെയും ഓമനയായി ‘സപ്ത’യുടെ വരാന്തയില്‍ പകലും രാത്രിയും താമസിച്ചു. വീടുകളില്‍ ശിക്ഷണത്തില്‍ വളരുന്ന നായകളെക്കാള്‍ നന്നായി ഗ്രാമത്തിന്റെ സ്‌നേഹഭാജനമായി മാറിയ ഉദ്ദണ്ഡന്‍ ആറുമാസം മുമ്പാണ് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത്.
‘ചത്തു’ എന്നു പറയാന്‍പോലും നാട്ടുകാര്‍ തയ്യാറായില്ല. സ്‌നേഹവും ബന്ധവും അവിടെ അവസാനിച്ചില്ല. നായയുടെ 41ാം ചരമദിനം കേട്ടുകേള്‍വിയില്ലാതിരുന്നിട്ടും ആചരിച്ചു. പായസമടക്കം വിതരണംചെയ്തായിരുന്നു ദിനാചരണം.
ഉദ്ദണ്ഡന്റെ ഓര്‍മയ്ക്കായി ബസ്സ്‌റ്റോപ്പും നിര്‍മിച്ചുകഴിഞ്ഞു നാട്ടുകാര്‍. ഒരു വര്‍ഷമാകുമ്പോള്‍ ചരമവാര്‍ഷികം നടത്തി ഉദ്ദണ്ഡന്റെ സ്മരണകളെ നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് പള്ളിപ്പുറം നിവാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here