തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിട്ട് കോഴിക്കോട്ട് ദേശീയ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത ബിജെപിയ്ക്ക് തിരിച്ചടി. കേന്ദ്ര നേതൃത്വത്തിന്റെ അവഗണന കാരണം കേരളത്തില്‍ ബിജെപിബിഡിജെഎസ് ബന്ധം ഉലയുന്നു. ബിജെപി തങ്ങളെ പറഞ്ഞുപറ്റിച്ചുവെന്നും രാഷ്ട്രീയ സഖ്യം നഷ്ടക്കച്ചവടമായെന്നുമുള്ള വിലയിരുത്തലിലാണ് ബിഡിജെഎസ് നേതൃത്വം. ഭിന്നത സ്ഥിരീകരിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. തങ്ങള്‍ക്ക് പല വാഗ്ദാനങ്ങളും ബിജെപി നല്‍കിയിരുന്നെന്നും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പിസമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഖ്യരൂപീകരണ കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി കേന്ദ്രനേതൃത്വം അവഗണിച്ചതില്‍ കടുത്ത അസംതൃപ്തിയിലാണ് ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പുതന്നെ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റെന്ന രഹസ്യ ധാരണയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ രാജ്യസഭാംഗത്വവും കേന്ദ്ര ബോര്‍ഡുകളില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതെല്ലാം വെറുംവാക്കായി.
ബിഡിജെഎസിന് ബിജെപി പല ഉറപ്പുകളും നല്‍കിയിരുന്നുവെന്നും സ്ഥാനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒന്നും നടക്കാത്തതില്‍ അണികള്‍ക്ക് മാനസികമായ ദുഃഖമുണ്ട്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തതിന് കാരണം ബിജെപിയിലെ ഗ്രൂപ്പിസമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

രാജ്യസഭാംഗത്വത്തിനു പുറമേ കേന്ദ്ര ബോര്‍ഡുകളുടെ അധ്യക്ഷസ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍ ആദ്യം ഉറപ്പിച്ചെങ്കിലും പിന്നീട് ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ബി.എല്‍.സന്തോഷുമായി കൂടിയാലോചിക്കാനായിരുന്നു ബിഡിജെഎസ് നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ടത്. ഇത് ചീറ്റിയതിനെ തുടര്‍ന്ന് ഈയിടെ അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പൊന്നും ലഭിച്ചില്ല. സംസ്ഥാനത്ത് ബിജെപിബിഡിജെഎസ് സഖ്യത്തിനായി അണിയറ നീക്കങ്ങള്‍ നടത്തിയ ആര്‍എസ്എസ്, വിഎച്ച്പി നേതൃത്വവും ഇപ്പോള്‍ മൗനത്തിലാണ്. ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍ എംപി ഉറപ്പുകള്‍ പാലിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം താല്‍പര്യമെടുക്കാത്തതിലെ നിസ്സഹായാവസ്ഥ ബിഡിജെഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രബല മുന്നണികളയാ എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിണക്കി ബിജെപിയുമായി സഖ്യമുണ്ടാക്കിയതിലൂടെ കനത്ത വില നല്‍കേണ്ടിവന്നുവെന്നാണ് എസ്എന്‍ഡിപിയിലെ ആക്ഷേപം. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ള നേതാക്കള്‍ കേസുകളില്‍ കുടുങ്ങിയിരിക്കെ ബിജെപിയുടെ ഒഴിഞ്ഞുമാറല്‍ ബിഡിജെഎസിനെ അസ്വസ്ഥരാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അനുഭാവികള്‍ ബിജെപിക്കു വോട്ടു ചെയ്‌തെങ്കിലും ബിജെപി കാലുവാരിയെന്നും ബിഡിജെഎസ് കുറ്റപ്പെടുത്തുന്നുണ്ട്.
ബിജെപി ബന്ധം വിലയിരുത്താന്‍ ബിഡിജെഎസ് കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന എന്‍.ഡി.എ യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെ കുറിച്ച് അന്തിമ തീരുമാനം എടുക്കാനാണിത്.
ബിഡിജെഎസ് മധ്യസ്ഥതയില്‍ ബിജെപി സഖ്യത്തില്‍ ചേര്‍ന്ന ആദിവാസി നേതാവ് സി.കെ.ജാനുവിനെയും ബിജെപി പറഞ്ഞുപറ്റിച്ചുവെന്നും ആക്ഷേപമുയരുന്നുണ്ട്. ജാനുവിന് കേന്ദ്രസര്‍ക്കാര്‍ പദവികള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും അറിയില്ലെന്ന മട്ടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
കോഴിക്കോട് ഇന്നു മുതല്‍ തുടങ്ങുന്ന ദേശീയ കൗണ്‍സിലിനൊപ്പം കേരളത്തില്‍ കൂടുതല്‍ കക്ഷികളെ മുന്നണിയിലെടുത്ത് സഖ്യം വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ചര്‍ച്ച ചെയ്യുന്നതിനിടെ പ്രധാന സഖ്യകക്ഷിയായ ബിഡിജെഎസ് തന്നെ ഭിന്നത പരസ്യമാക്കി രംഗത്തെത്തിയത് ബിജെപിയുടെ കേരള സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here