കൊച്ചി:മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം എന്നാണ് സംവിധായകന്‍ ആഷിഖ് അബു കൈരളി ടി വിയെ വിളിച്ചത്. ഒരു ജനതയുടെ ആത്മാവിഷ്‌കാരം എന്ന് ടാഗ് ലൈന്‍ ഇട്ട കൈരളിയെക്കുറിച്ച് ആഷിഖ് അബു ഇങ്ങനെ പറയാന്‍ കാരണം ഒരു പരിപാടി ആയിരുന്നു. കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജങ്ഷന്‍ എന്ന ഷോ കണ്ടിട്ടാണ് ആഷിഖ് അബു ഇത് പറഞ്ഞത്.
ഈ മാസം ആദ്യം ജെ ബി ജങ്ഷന്‍ കണ്ട ആളുകള്‍ ഇതിലും കനത്ത രീതിയിലാണ് ജോണ്‍ ബ്രിട്ടാസിനെയും കൈരളിയെയും വിമര്‍ശിക്കുന്നത്. ജെ ബി ജങ്ഷന്‍ എന്നതിലെ ആദ്യത്തെ അക്ഷരങ്ങള്‍ മാറ്റിയിട്ട് വരെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പരിപാടിയെ വിളിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ സൂര്യ, ശീതള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചായിരുന്നു ജെ ബി ജങ്ഷന്റെ ഈ എപ്പിസോഡ്.
ബ്രിട്ടാസിന്റെ ചോദ്യങ്ങളാണ് പലപ്പോഴും പ്രേക്ഷകരുടെ ക്ഷമ കെടുത്തിയത്. തുണിയഴിച്ച് കാണിക്കാന്‍ ആണാണോ പെണ്ണാണോ എന്ന് ആളുകള്‍ ശല്യപ്പെടുത്തുമ്പോള്‍ തിരിച്ച് ധൈര്യത്തിന് തുണിയങ്ങഴിച്ച് കാണിച്ചുകൊടുക്കാന്‍ തോന്നിയിട്ടുണ്ടോ എന്നായിരുന്നു ഇതിലൊന്ന്. ചിലപ്പോ കാണിച്ചുകൊടുക്കേണ്ടിവരും പത്ത് പ്രാവശ്യം തുടര്‍ച്ചയായി നീയൊരു പെണ്ണാണോ പെണ്ണാണോ എന്ന് ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കത് കാണിച്ചുകൊടുക്കേണ്ടിയും വരും എന്നായിരുന്നു ഇതില്‍ പങ്കെടുത്ത ട്രാന്‍സ്ജന്‍ഡറായ സൂര്യ മറുപടി നല്‍കിയത്.
അതിഥികളായി എത്തിയവരുടെ തുണി പൊക്കി നോക്കിയ തരം ചോദ്യങ്ങളാണ് ജോണ്‍ ബ്രിട്ടാസ് ചോദിച്ചത് എന്നാണ് സോഷ്യല്‍ മീഡിയിയില്‍ ആളുകള്‍ ഇതിനോട് പ്രതികരിക്കുന്നത്. അതിഥികളായി എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലൈംഗികതയില്‍ മാത്രം ഊന്നിയായിരുന്നു ബ്രിട്ടാസിന്റെ പല ചോദ്യങ്ങളും. നിങ്ങളും പങ്കാളിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആണും പെണ്ണും ചെയ്യുമ്പോള്‍ ഉള്ളത് പോലെ നിങ്ങക്ക് രതി മൂര്‍ച്ച ഉണ്ടാകുമോ ജോണ്‍ ബ്രിട്ടാസിന്റെ മറ്റൊരു ചോദ്യം. ശരീരത്തിലല്ല മനസിലാണ് രതിമൂര്‍ച്ച എന്ന് സൂര്യയും ശീതളും ആവര്‍ത്തിച്ച് മറുപടി പറഞ്ഞിട്ടും അവതാരകന് തൃപ്തിയാകുന്നില്ല. ലൈംഗികപരമായ ചോദ്യങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ. ആദ്യമായി ആരാണ് പീഡിപ്പിച്ചത്. ബന്ധുക്കളാണോ. അധ്യാപകരും പീഡിപ്പിക്കുമായിരുന്നോ ജോണ്‍ ബ്രിട്ടാസ് ജെ ബി ജംഗ്ഷനില്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങളാണ് ഇത്. ഇതിനോട് രൂക്ഷമായിട്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.

ഒറ്റപ്പെടുത്തലും ലൈംഗിക പീഡനങ്ങളും കളിയാക്കലുകളും അനുഭവിച്ച് വന്ന ശീതളിനോടും സൂര്യയോടും ഇതിലും മാന്യമായി ജോണ്‍ ബ്രിട്ടാസിന് ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു എന്നാണ് ഷോ കണ്ട ആളുകള്‍ പറയുന്നത്. സെന്‍സേഷണല്‍ ആയ വിഷയങ്ങളില്‍ മാത്രം അവതാരകന്‍ പലപ്പോഴും ഉടക്കിനിന്നു. അമ്മയെയും ബന്ധുക്കളെയും കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ശീതളും സൂര്യയും കരഞ്ഞു. സ്വത്തിന് വേണ്ടിയും നിങ്ങള്‍ പ്രക്ഷോഭം നടത്തണം എന്ന് കളിയാക്കുന്ന ടോണില്‍ ബ്രിട്ടാസ് പറയുമ്പോള്‍ തരുന്നത് തരട്ടെ എന്ന് നിഷ്‌കളങ്കമായി പ്രതികരിക്കുകയായിരുന്നു ശീതള്‍ ശ്യാം.
സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണിത് എന്ന നോട്ടോടെയാണ് ജോണ്‍ ബ്രിട്ടാസ് ഈ പരിപാടി അവസാനിപ്പിച്ചത്. സമൂഹം നവീകരിക്കപ്പെടുന്നതിനൊപ്പം നമ്മളും നവീകരിക്കുക കൂടിയാണ്. ഈയൊരു ബോധ്യത്തോടെയാണ് ശീതളിനെയും സൂര്യയെയും പരിപാടിയിലേക്ക് ക്ഷണിച്ചത് എന്നും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാകാന ുള്ള ഒരു ജാലകമാകട്ടെ ഈ എപ്പിസോഡ് എന്നും ബ്രിട്ടാസ് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here