പാലക്കാട്: കേരള സംസ്ഥാനഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ ഓണം ബമ്പറിലെ ഒന്നാം സമ്മാനമായ എട്ടു കോടി അടച്ചതിന്റെ ആശ്ചര്യത്തിലാണ് ചേരാമംഗലം സ്വദേശിയായ ഗണേശ്. ബമ്പറടിച്ചതോടെ ഗണേശിന്റെ ഫോണിന് വിശ്രമമില്ല. അതിനാല്‍ ഫോണ്‍ ഒരാഴ്ച്ചയിലേറെയായി ഓഫാണ്, അഥവാ ഇടയ്ക്ക് ഓണാക്കിയാലും അറിയാത്ത നമ്പറില്‍ നിന്ന് കാള്‍ വന്നാല്‍ ചേട്ടന്‍ ഗിരീഷായിരിക്കും ഫോണ്‍ എടുക്കുക. ഒരാഴ്ച്ചയായി വീടിന് പുറത്തേക്ക് ഇറങ്ങുന്നതും അപൂര്‍വ്വം. ഗണേശിനെ തേടി ആരെങ്കിലും എത്തിയാല്‍ അവരോട് സംസാരിക്കുന്നതെല്ലാം വീട്ടുകാരാണ്. ഗണേശന്‍ വീടിന് അകത്തിരിക്കും. തേടി വന്നവര്‍ പോയ ശേഷമെ മുറിക്ക് പുറത്തിറങ്ങു, അല്ലെങ്കില്‍ ഇറങ്ങാന്‍ കഴിയു.

ലക്ഷകണക്കിന് ആളുകള്‍ ആഗ്രഹിച്ച ഭാഗ്യമാണ് ഗണേശനെ തേടിയെത്തിയത്. ഒരു ചെറിയ നറുക്കെടുപ്പില്‍ പോലും ഇതുവരെ ഗണേശ് വിജയിച്ചിട്ടില്ല. ലോട്ടറി അപൂര്‍വ്വമായി മാത്രം എടുക്കുന്ന സ്വഭാവമുണ്ടെങ്കിലും പത്തു രൂപ പോലും ഇതു വരെ അടിച്ചിട്ടില്ല. പക്ഷെ ആദ്യമായി അടിച്ചത് കേരള ലോട്ടറിയുടെ ചരിത്രത്തില്‍ തന്നെ ഒരാള്‍ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക.

‘ഇപ്പോള്‍ എന്നെ തേടി വരുന്നത് കാണാനോ സന്തോഷത്തില്‍ പങ്കു ചേരാനോ ഉള്ള ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല. സഹായം ചോദിച്ചു വരുന്നവരാണ് അധികവും. അതും സാധാരണക്കാരല്ല. വ്യാജ സന്യാസിമാരും സംഘടനകളുമാണ് വരുന്നത്. അവര്‍ക്ക് വേണ്ടതാകട്ടെ അമ്പലം ഉണ്ടാക്കാന്‍ ലക്ഷങ്ങള്‍. പിന്നെ ചില സ്വാമിമാരും മറ്റും അവരുടെ കടം വീട്ടാനും എന്നോട് പണം ചോദിക്കുന്നുണ്ട്. അവര്‍ വാങ്ങിയ കാറിന്റെ കടം വീട്ടാന്‍, അവര്‍ വ്യക്തിപരമായി ഉണ്ടാക്കിയ കടങ്ങള്‍, സ്ഥലം വാങ്ങിയ കടവും വീട് വെച്ചതില്‍ ഉണ്ടാക്കിയ കടം വീട്ടാനുമൊക്കെയാണ് എന്നോട് സഹായം ചോദിക്കുന്നത്. ഇവരെ കണ്ടു മടുത്തതിനാല്‍ അപരിചിതര്‍ വന്നാല്‍ വന്നാല്‍ പുറത്തു വരാറില്ല. നമ്മുടെ കഷ്ടപ്പാടുകള്‍ നമുക്കേ അറിയു. കടം ഉണ്ടാക്കുമ്പോള്‍ അത് വീട്ടാനുള്ള വഴി കൂടി നോക്കണം. ഇല്ലെങ്കില്‍ കടം വാങ്ങരുത്. വന്നു ലക്ഷങ്ങള്‍ ചോദിക്കുന്നതില്‍ ഇത്തരം വ്യാജ സ്വാമിമാര്‍ക്ക് ഒരു ലജ്ജയുമില്ല’ ഗണേശ് പറഞ്ഞു.

‘ കടം ചോദിച്ചു വരുന്നവര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ബാങ്കുകാര്‍ക്കാണ്. അവരുടെ ബ്രാഞ്ചില്‍ ഡിപ്പോസിറ്റ് ചെയ്യണം. വിവിധ പദ്ധതികള്‍, നിക്ഷേപങ്ങള്‍ തുടങ്ങി. അതും കേട്ടു മടുത്തു. ഇന്നും ബാങ്കുകാര്‍ കൊച്ചിയില്‍ നിന്ന് വന്നു.പിന്നെ കുറെ എം ബി എക്കാര്‍ വന്നു. വിവിധ ബിസിനസ് പ്ലാനുകള്‍, പണം കൊടുത്താല്‍ ഇരട്ടിപ്പിച്ച് തരുന്ന വിദ്യ അതൊക്കെയാണ് അവര്‍ പറയുന്നത്. മറ്റൊരു കൂട്ടര്‍ ഉപദേശകരാണ്. പണം എങ്ങിനെ ചെലവഴിക്കാം, ചെലവഴിക്കാന്‍ പാടില്ല എന്നതാണ് അവരുടെ ഉപദേശം. ലോട്ടറി അടിച്ചു കിട്ടിയ തുക മുഴുവന്‍ ധൂര്‍ത്തടിച്ചു കളയരുത് എന്ന ഉപദേശത്തിനൊപ്പം നിക്ഷേപ പദ്ധതികളും അവര്‍ പറയുന്നുണ്ട്.’

‘ഇതും കഴിഞ്ഞാല്‍ മാധ്യമങ്ങളാണ് അടുത്ത പ്രശ്‌നക്കാര്‍. ഞാന്‍ അറിയാത്ത കാര്യങ്ങളാണ് അവര്‍ പടച്ചു വിടുന്നത്. ഒരു കോടി രൂപ ഞാന്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത വന്നു. എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍ തന്നെ ഇവര്‍ ഇല്ലാതാക്കും. ഇങ്ങെനെ എന്റെ പേരില്‍ ഞാനറിയാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ചെയ്യണമെന്ന് തീരുമാനിച്ച കാര്യങ്ങള്‍ തന്നെ ചെയ്യാന്‍ പറ്റാതാകും. ഇതിലൊക്കെ തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ട്. ലോട്ടറി ബാങ്കില്‍ കൊടുത്തെങ്കിലും രൂപയൊന്നും കിട്ടിയിട്ടില്ല. എനിക്ക് പണി തരാന്‍ വേണ്ടി ചിലര്‍ മനപൂര്‍വ്വം ഇല്ലാത്ത വാര്‍ത്തകള്‍ ചമച്ചു വിടുകയാണെന്ന് സംശയമുണ്ട്’ ഗണേശ് പറഞ്ഞു.

ഇനി കുറച്ചു കാലം മുമ്പത്തെ ഗണേശിന്റെ കുടുംബത്തിന്റെ അവസ്ഥ കൂടി അറിഞ്ഞാലെ ലോട്ടറി കിട്ടിയ ആ ‘ഷോക്കിന്റെ’ ആഘാതം മനസ്സിലാകൂ. ഒരു ചെറിയ ഓലപ്പുരയുടെ സ്ഥാനത്ത് ഇപ്പോള്‍ താമസിക്കുന്ന പണി തീരാത്ത വീടിനായി ഗണേശനും ചേട്ടന്‍ ഗിരീഷും ശ്രമം തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്നത് അറിഞ്ഞപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ അടക്കം പറഞ്ഞത്രെ. ‘ അവരെ കൊണ്ട് ഇതൊക്കെ സാധിക്കുമോ, മോഹം മൂത്ത് ഇനിയുള്ള പുര തന്നെ ഇല്ലാതാവും’ എന്നൊക്കെ. റിസ്‌ക്ക് എടുത്ത് വീടു പണിയരുതെന്ന് ചിലര്‍ ഉപദേശിക്കുകയും ചെയ്തു. കാരണം കൂലിപ്പണിക്കാരിയായ അമ്മ ദേവകിക്കും അംഗ പരിമിതിയുള്ള അച്ഛന്‍ ഗോപാലനും സ്വര്‍ണ പണിക്കാരനായ ചേട്ടന്‍ ഗിരീഷും ഗണേശനൊന്നും വിചാരിച്ചാല്‍ ഒരു വീടു പോയിട്ട് നാലു ചുമര്‍ കെട്ടാന്‍ പോലും സാധിക്കില്ലായിരുന്നു. ഗണേശിന്റെ മൂത്ത ചേച്ചി ഗിരിജ കുടുംബത്തിലെ പട്ടിണി കാരണം പത്തു വയസിലെ പഠിത്തം നിര്‍ത്തി അമ്മക്കൊപ്പം പാടത്ത് പണിക്ക് പോകാന്‍ തുടങ്ങിയതാണ്. പതിനാലു വയസായപ്പോഴേക്കും രണ്ടാമത്തെ ചേച്ചി ഗീതയും ജോലിക്കിറങ്ങി. ജോലിക്ക് പോകാന്‍ കഴിയാത്ത അച്ഛന്‍ ഗോപാലനുള്‍പ്പടെ രണ്ടു അനിയന്‍മാരേയും പട്ടിണി കിടക്കാതെ വളര്‍ത്തിയത് ഈ സഹോദരിമാരും അമ്മയുമായിരുന്നു.

ചേട്ടന്‍ ഗിരീഷിന് തൃശൂരില്‍ സ്വര്‍ണപണി കിട്ടിയപ്പോള്‍ അതിന് അടുത്തുള്ള വര്‍ക്ക് ഷാപ്പിലേക്ക് അനിയന്‍ ഗണേശിനേയും കൊണ്ടു വിട്ടു. പിന്നെ പത്തു വര്‍ഷത്തോളം അവിടെയായിരുന്നു ഗണേശന്‍. ഇടക്ക് ജോലി ഒഴിവുള്ളപ്പോള്‍ മാത്രമാണ് രണ്ടു പേരും വീട്ടില്‍ വന്നിരുന്നത്. ഉത്രാട ദിവസം ഗണേശന്‍ ജോലിയില്ലാത്തത് കൊണ്ട് രാവിലെ തന്നെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങി. ഒരു സുഹൃത്തുമുണ്ടായിരുന്നു കൂടെ. കുതിരാന്‍ എത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി അവിടത്തെ അമ്പലത്തില്‍ തൊഴുതു. സമീപത്തെ ലോട്ടറി കടയില്‍ നിന്ന് ടിക്കറ്റെടുത്തു. അതെടുക്കുമ്പോഴാണ് ഓണം ബമ്പര്‍ കൂടിയെടുക്കാന്‍ കടക്കാരന്‍ നിര്‍ബന്ധിച്ചത്.അപ്പോള്‍ ഓണം ബമ്പറുമെടുത്തു.
ടിക്കറ്റ് വീട്ടില്‍ വെച്ച ശേഷം ജോലി സ്ഥലത്തേക്ക് പോയി. സമ്മാനം കിട്ടില്ലെന്ന് ഉറപ്പില്ലാത്തത് കൊണ്ട് അക്കാര്യം വിട്ടു. പിന്നെ സമ്മാനമടിച്ചവര്‍ ആരും വരാത്തതും കുതിരാനിലെ കടയില്‍ നിന്ന് ടിക്കറ്റ് എടുത്തയാള്‍ക്കാണ് സമ്മാനമെന്നും അറിഞ്ഞപ്പോള്‍ ഒരു സംശയം തോന്നി. ഇത് കടയിലെ ചിലരോട് പറയുകയും ചെയ്തു. പിന്നെ അവിടെ തന്നെ ബമ്പറടിച്ചയാള്‍ എന്ന നിലയില്‍ കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി.

വീട്ടിലെത്തിയപ്പോള്‍ ലോട്ടറി റിസല്‍റ്റ് വന്ന പത്രം അച്ഛന്‍ സൂക്ഷിച്ചു വെച്ചിരുന്നു. നോക്കിയപ്പോള്‍ നമ്പര്‍ കണ്ടു. അപ്പോഴും സമ്മാനം അടിച്ചതായി വിശ്വസിക്കാന്‍ പറ്റിയില്ല. വീട്ടുകാരും വിശ്വസിക്കാത്ത അവസ്ഥയിലായിരുന്നു. ചേച്ചിയെ വിളിച്ചു പറഞ്ഞപ്പോള്‍ എട്ടായിരം രൂപ അടിച്ചു കാണുമെന്നാണത്രെ കരുതിയത്. ലോട്ടറി അടിച്ചെങ്കിലും നാട്ടില്‍ ആരോടും പറഞ്ഞില്ല. നെന്‍മാറയിലെ എസ് ബി ടി ബ്രാഞ്ചില്‍ ഏല്‍പ്പിച്ച ശേഷമാണ് നാട്ടില്‍ വിവരം പറഞ്ഞതും വാര്‍ത്ത പരക്കുന്നതും. ‘ ചേച്ചിമാര്‍ക്ക് വീടു വെച്ചു കൊടുക്കണം, വീടിനും മറ്റുമായി നിലവില്‍ എട്ടു ലക്ഷത്തോളം കടമുണ്ട്. അത് വീട്ടണം. വീടിന്റെ പണി പൂര്‍ത്തിയാക്കണം, ഇപ്പോഴുള്ള ജോലി തന്നെ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. വേറെ വലിയ മോഹങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് ഭാവി ജീവിതത്തെ പറ്റി ഗണേശിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here