കൊച്ചി:ഓര്‍മ്മയുണ്ടോ ഈ മുഖം, ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ, നെട്ടൂരാനോടാണോടാ നിന്റെ കളി തുടങ്ങിയ മലയാള സിനിമകളിലെ പഞ്ച് ഡയലോഗുകള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ വസ്ത്ര വിപണിയില്‍ ട്രെന്‍ഡ് ആയിരുന്നു.
അതിനെല്ലാം ഒടുവില്‍ ഇന്നിതാ നമ്മുടെ മുഖ്യന്റെ വിവാദമായൊരു ഡയലോഗാണ് ടി ഷര്‍ട്ടിന് പുറത്ത് അച്ചടിച്ച് വന്നിരിക്കുന്നത്.സ്വാശ്രയമെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫിപറമ്പില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ ഡയലോഗ്. ‘ബഹളം വെച്ചാലും പറയേണ്ടതു പറയും, പോയി വേറേ പണിനോക്കെ’ന്നായിരുന്നു അന്ന് പിണറായി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഈ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും അനേകം മഹാന്മാര്‍ ഇരുന്ന കസേരയില്‍ ഇരുന്ന് കവല പ്രസംഗം നടത്തരുതെന്ന് മുഖ്യമന്ത്രിയ്ക്ക് ഉപദേശവും നല്‍കി. പിണറായിയുടെ പരാമര്‍ശത്തിനെതിരെ ട്രോളുകളിലൂടെ സോഷ്യല്‍മീഡിയയും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ടി ഷര്‍ട്ടിന്റെ പുറത്തും അച്ചടിച്ചു വരുന്നത്.
കോട്ടണ്‍കാപ്പി എന്ന സൈറ്റിലൂടെയാണ് ടി ഷര്‍ട്ട് വില്‍പന നടക്കുന്നത്. 499 രൂപയാണ് ടി ഷര്‍ട്ടിന്റെ വില. വിവിധ നിറങ്ങളിലുള്ള ടി ഷര്‍ട്ട് ചില കടകളിലും ലഭ്യമാണ്.ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വൈറലായ ഡയലോഗും ടി ഷര്‍ട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here