ശബരിമല  അയ്യപ്പന്‍മാര്‍ പതിനെട്ടാംപടിക്കരികില്‍ എറിഞ്ഞുടക്കുന്ന തേങ്ങയുടെ പിന്നാലെ പോയാല്‍ കുന്നോളം കഥകള്‍ കേള്‍ക്കാം. തേങ്ങ ശേഖരിച്ച് ഗുഹാവഴിയിലൂടെ കൊപ്രാക്കളത്തിലെത്തുംവരെ വലിയ അധ്വാനത്തിന്റെ ചരിത്രവും സത്യവും ഇരുളടഞ്ഞ് കിടക്കുന്നു. മണ്ഡല സീസണിലെ തുടക്കത്തില്‍ ലേലം വിളിച്ചാണ് കൊപ്രസംഭരിക്കാനുള്ള അവകാശം നേടിയെടുക്കുന്നത്. നിലവില്‍ വേലഞ്ചിറ സുകുമാരനാണ് കൊപ്രശേഖരിക്കുന്നത്. 500 അധികം തൊഴിലാളികളുടെ രാപകലില്ലാത്ത അധ്വാനമാണ് ഇദ്ദേഹത്തിന് തുണയായിട്ടുള്ളത്. ഇവരില്‍ പ്രധാനചുമതല മുപ്പത്തിരണ്ട് വര്‍ഷമായി ഇദ്ദേഹത്തിന്റെ സന്തത സഹചാരിയായ പത്മാകരനാണ്.

ദേവസ്വം ആവശ്യത്തിന് ശേഷമുള്ള തേങ്ങകള്‍ മാത്രമേ കരാറുകാരന്‍ ശേഖരിക്കാന്‍ പാടുള്ളു. ഏഴു കങ്കാണിമാര്‍ അവരുടെ തൊഴിലാളിമാരെ ഉപയോഗപ്പെടുത്തി മാറിമാറി തേങ്ങശേഖരിക്കുന്നു. ചേര് എന്ന് പറയുന്ന കളത്തില്‍ തീകൊള്ളിച്ച് തേങ്ങയുടെ കാമ്പ് ചിരട്ടയില്‍ നിന്ന് ഇളക്കാന്‍ പരുവത്തിലാവുമ്പോള്‍ ഇറക്കും. പാരയുപയോഗിച്ച് ചിരട്ടയില്‍ നിന്ന് കാമ്പ് ഇളക്കിമാറ്റുന്നു. പിന്നീട് ഇത് ഡ്രൈയറില്‍ ഉണക്കിയാണ് കൊപ്രയാക്കുന്നത്. ചിരട്ടതന്നെയാണ് പ്രധാനമായും കത്തിക്കാനുപയോഗിക്കുന്നത്. കൊപ്ര ചാക്കുകളിലാക്കി ട്രാക്ടറില്‍ പമ്പയിലെത്തിക്കുന്നത് വരെ വളരയേറെ പരിശ്രമം ഉണ്ട്. മഴ കൊപ്രാക്കളങ്ങള്‍ക്ക് എന്നും ഭീഷണിയാണ്. വിദഗ്ധതൊഴിലാളികളുടെ അഭാവമാണ് മറ്റൊരു പ്രധാന വെല്ലുവിളി. അഞ്ചുകൊട്ട തേങ്ങയുടെ ചിരട്ട രണ്ടു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍വരെ ഉണ്ട്. പണിയറിയാത്ത തൊഴിലാളിക്ക് ഇത് വൈകുന്നേരമായാലും ചെയ്തു തീര്‍ക്കാനാവില്ല. മാത്രവുമല്ല പണിയറിയാത്തവര്‍ക്ക് പാരകൊണ്ട് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്യും.
ശബരിമലയുടെ ക്ഷേത്രവികസനത്തിന്റെ സഹചാരിയായിരുന്നു കൊപ്രാക്കളങ്ങളും. ഇന്ന് സന്നിധാനം എസ് ഒ യുടെ ഓഫീസ് നിലനിന്നരുന്ന സ്ഥലത്ത് പണ്ട് കൊപ്രാക്കളങ്ങളായിരുന്നു. കാട് തെളിച്ച് കളങ്ങരൊരുക്കി; കാട്ടില്‍ നിന്ന് ശേഖരിക്കുന്ന വിറകും മറ്റും ശേഖരിച്ചായിരുന്നു കൊപ്രാക്കളങ്ങള്‍ അന്ന് തയ്യാറാക്കിയിരുന്നത്. ഇന്ന് തൊഴിലാളികളുടെ എണ്ണം കൂടി. അവര്‍ക്കുള്ള പാചകത്തിനായി എട്ട് പാചകക്കാര്‍ തന്നെയുണ്ട്. മാസപൂജ സമയത്തും കൊപ്രാക്കളം സജീവമാണ്. ശബരിമലയുടെ ചരിത്രവഴിയില്‍ വിസ്മരിക്കാനാവാത്ത ഏടുതന്നെയാണ് കൊപ്രാക്കളങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here