ചെന്നൈ∙ മാനഭംഗക്കേസുകളിൽ മധ്യസ്ഥശ്രമം നടത്താമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി പിൻവലിച്ചു. കേസിൽ പ്രതിക്ക് അനുവദിച്ച ജാമ്യവും റദ്ദാക്കി. പ്രതിയോട് ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ട് ഒത്തുതീര്‍പ്പിനു ശ്രമിക്കാനാണ് പ്രതിക്ക് ജാമ്യം നൽകിയത്.

എന്നാൽ ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന നടപടിയാണെന്നും സ്ത്രീക്ക് അവളുടെ ശരീരം പരിശുദ്ധ ക്ഷേത്രം പോലെയാണെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം വന്നിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതി ഉത്തരവ് പിൻവലിച്ചത്. മധ്യപ്രദേശിലെ ഒരു മാനഭംഗക്കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ പീഡനത്തിനിരയായ പെണ്‍കുട്ടി തള്ളിക്കളഞ്ഞിരുന്നു. തന്നെ പീഡിപ്പിച്ച പ്രതിയോട് സംസാരിക്കാനോ അയാളെ വിവാഹം കഴിക്കാനോ താത്പര്യമില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്.

വിചാരണക്കോടതി ഏഴുവർഷം ശിക്ഷ വിധിച്ചതിനെതിരെ പ്രതി നൽകിയ അപ്പീലിൽ ജസ്റ്റിസ് പി. ദേവദാസാണ് പെൺകുട്ടിയുമായി സംസാരിക്കണമെന്നും വിവാഹത്തിനുള്ള സാധ്യത ആരായണമെന്നും നിർദേശിച്ചത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. പിന്നീട് മാതാപിതാക്കളെ നഷ്ടപെട്ട കുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here