mulayam-amitabh.jpg.image.784.410

ലക്നൗ∙ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ് ഭീഷണിപ്പെടുത്തിയെന്നു പരാതിപ്പെട്ട ഐപിഎസ് ഓഫിസർ അമിതാഭ് താക്കൂറിന്റെ പേരിൽ പീഡനക്കുറ്റത്തിന് കേസ്. മുലായം സിങ്ങിനെതിരെ പരാതിപ്പെട്ട പിറ്റേ ദിവസമാണ് താക്കൂറിനെതിരെ ഗോമതി നഗർ പൊലീസ് സ്റ്റേഷനിൽ പീഡനക്കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ താക്കൂറിന്റെ ഭാര്യയെയും പ്രതി ചേർത്തിട്ടുണ്ട്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

ഗോമതിനഗറിലെ താക്കൂറിന്റെ വസതിയിൽ 2014 ഡിസംബർ 31 നു താൻ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. ജോലി സംബന്ധമായ ആവശ്യത്തിനുവേണ്ടിയാണ് താക്കൂറിന്റെ വീട്ടിൽ ചെന്നത്. അഭിമുഖത്തിനാണെന്നു പറഞ്ഞത് താക്കൂർ തന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ മുറിയിൽ കൂട്ടിക്കൊണ്ടു പോവുകയും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.

അതേസമയം, മുലായം സിങ് യാദവിൽ നിന്നുള്ള സമ്മാനമായിട്ടാണ് ഇതിനെ കാണുന്നതെന്ന് താക്കൂർ അഭിപ്രായപ്പെട്ടു. ഈ എഫ്ഐആറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നീതിന്യായ വ്യസവ്ഥയിൽ വിശ്വാസമുണ്ട്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നുമെന്നും വിശദമായ അന്വേഷണം നടന്നാൽ മാത്രമേ സത്യം പുറത്തു വരൂവെന്നും അമിതാഭ് പറഞ്ഞു.

2006ൽ ഫിറോസാബാദിലെ ജസ്രാനയിൽ അമിതാഭ് താക്കൂറിനെ ഒരു എംഎൽഎ കയ്യേറ്റം ചെയ്തിരുന്നു. മുലായത്തിന്റെ ബന്ധു കൂടിയായിരുന്നു ഈ എംഎൽഎ. ഇനിയും ‘നല്ല വഴിക്കു നടന്നി’ല്ലെങ്കിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ടെലിഫോണിലൂടെ മുലായം ഭീഷണിപ്പെടുത്തിയെന്നായിരുന്നു താക്കൂറിന്റെ പരാതി. മുലായം സിങ് ഭീഷണിപ്പെടുത്തിയതിനു തെളിവായി താക്കൂര്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയും സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here