ബന്ധുനിയമന വിവാദത്തില്‍പെട്ട് രാജിവച്ച മുന്‍ വ്യവസായമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തു.
പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി ബന്ധുവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കേസെടുത്തത്.
സുധീര്‍നമ്പ്യാര്‍ രണ്ടാംപ്രതിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്. ജയരാജന്‍ പദവി ദുരുപയോഗം ചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സുധീര്‍ നമ്പ്യാര്‍ക്കുവേണ്ടി ജയരാജന്‍ ഫയലില്‍ കുറിച്ചതു നിര്‍ണായക തെളിവായും വിജിലന്‍സ് ചൂണ്ടിക്കാട്ടി. ജയരാജനെതിരേ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഇന്നലെ കേസെടുത്ത് വിജിലന്‍സ് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. സുധീറിന്റെ നിയമനം, പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡിമാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റിയാബിന്റെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്നും, തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ജയരാജനും മറ്റുള്ളവര്‍ക്കുമെതിരേ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ജയരാജന്‍ ഉള്‍പ്പെടെ 15 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ ജയരാജന്‍ വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് നല്‍കിയ കുറിപ്പും മറ്റു ഫയലുകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 13നാണ് ഇ.പി ജയരാജനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഒക്‌ടോബര്‍ 16ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ എന്നിവരുടെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കോടതി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു.
65 ദിവസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചു. കഴിഞ്ഞ ഡിസംബര്‍ 22ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കി. ജയരാജനെതിരേ ത്വരിതപരിശോധന പൂര്‍ത്തിയായതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ശ്യാംകുമാര്‍ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ലഭിച്ച ചില തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസറും കോടതിയെ അറിയിച്ചു. എന്നാല്‍, ജനുവരി ഏഴിനകം റിപ്പോര്‍ട്ട് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് വിജിലന്‍സ് പ്രത്യേക ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു.
തുടര്‍ന്നാണ് ഇന്നലെ കേസെടുത്ത് എഫ്.ഐ.ആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ കേസെടുക്കുന്നതിലും അന്വേഷണത്തിലുമുള്ള കാലതാമസം ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നേരത്തേ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കവേയാണ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ.പിക്കെതിരേ വിജിലന്‍സ് കേസെടുത്തതെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here