പിണറായി വിജയന്‍ (മുഖ്യമന്ത്രി )
വിവരാവകാശ നിയമത്തിൽ ഏതെങ്കിലും തരത്തിൽ വെള്ളം ചേർക്കുന്ന ഒരു നടപടിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ നിന്നുണ്ടാവുകയില്ല. മറിച്ചു സൂചനകൾ നൽകുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങൾക്കു ഒരടിസ്ഥാനവുമില്ല. “അറിയുവാനുള്ള അവകാശം സംരക്ഷിക്കാൻ ഇന്ത്യയിലുണ്ടായ സുപ്രധാനമായ നിയമ നിർമ്മാണ നാഴികക്കല്ലാണ് 2005 ലെ വിവരാവകാശ നിയമം. ഭരണതലത്തിൽ ജനങ്ങൾക്കു ഫലപ്രദമായ ഒരു ഇടപെടലിനാണു ഇതു അവസരമൊരുക്കിയത്” – ഈ വാക്കുകളോടെയാണു വിവരാവകാശ സെമിനാറിൽ ഉദ്ഘാടന പ്രസംഗം തുടങ്ങിയതു തന്നെ. ഈ പറഞ്ഞതിനർത്ഥം വിവരാവകാശ നിയമത്തിനു എതിരാണു സർക്കാർ എന്നാണോ?
സർക്കാരിന്റെ പൊതു അധികാര സ്ഥാനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടതോ ജനങ്ങൾക്കു അവകാശപ്പെട്ടതോ ആയ വിവരങ്ങളാണെന്നും ഭരണ സംവിധാനം നിലനിൽക്കുന്നതു തന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നും ജനങ്ങൾ നൽകിയ നികുതിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ചു ജനങ്ങൾക്കറിയാൻ അവകാശമുണ്ടെന്നും പറഞ്ഞു. ഇന്നലെകളിൽ വളരെ രഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്തുകൊണ്ടുവരാനും അതു വഴി അഴിമതിക്കാരെ പൊതുജനമധ്യത്തിൽ തുറന്നു കാട്ടാനും ശിക്ഷിപ്പിക്കാനും ഈ നിയമത്തിലൂടെ ജനങ്ങൾക്കു കഴിഞ്ഞു എന്നും പ്രസംഗത്തിൽ പറഞ്ഞു. നിയമത്തിൽ വെള്ളം ചേർക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇതാണോ പറയുക.
ഭരണ രംഗം ശുദ്ധീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ അഴിമതി രഹിതമായ ഒരു ഭരണ സംവിധാനം നാട്ടിൽ നിലനിർത്തുന്നതിന് ഈ നിയമത്തിന് കാര്യമായ തോതിൽ സഹായിക്കാനാവുമെന്നും പറഞ്ഞു. ഇത് നിയമത്തിനെതിരായ പ്രസ്താവനയായി ഏതുകാടുകയറിയ ഭാവനയ്ക്കും ചിത്രീകരിക്കാനാവില്ല. വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസടച്ച് സർക്കാർ ഓഫീസുകളിലെ ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് നൽകപ്പെടുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥൻ മറുപടി നൽകാൻ ബാധ്യസ്ഥനാണെന്ന് കർശനമായ വിധത്തിൽ ആ പ്രസംഗത്തിൽ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. ഇത് നിയമത്തിന്റെ നടത്തിപ്പിന് ഉദ്യോഗസ്ഥ തലത്തിൽ ഒരുതടസ്സവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താനാണ് എന്നത് ആർക്കാണ് മനസ്സിലാകാത്തത്.
രേഖകൾ ഇരുമ്പുമറയ്ക്കകത്താവേണ്ട കാര്യമില്ലാ എന്നും പൊതു ജീവിതത്തിലെ ശുദ്ധിനിലനിർത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിച്ചത് എന്നും പറഞ്ഞ പ്രസംഗത്തിൽ ഈ നിയമം ദുരുദ്ദേശങ്ങൾക്കായി ദുരുപയോഗിക്കുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ളവരില്ലായെന്ന് ഇപ്പോൾ വിമർശിക്കുന്നവർക്ക് പറയാൻ പറ്റുമോ? അതു ചൂണ്ടിക്കാട്ടുമ്പോഴും സർക്കാർ അതിൽ ഇടപെടുമെന്നല്ല പറഞ്ഞത്. വിവരാവകാശ കമ്മിഷനു അത് തിരിച്ചറിയാൻ കഴിയണമെന്ന് പറയുകയാണ് ചെയ്തത്. അതായത് കമ്മിഷനുള്ള അധികാരത്തെക്കുറിച്ച് കമ്മിഷനെത്തന്നെ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. കമ്മിഷനുള്ള പരമാധികാരത്തെക്കുറിച്ച് പറയുന്നത് കമ്മിഷന്റെ അധികാരം കുറയ്ക്കലാണോ? എന്നുമാത്രമല്ല, ചിലർ ദുരുപയോഗിക്കാൻ ശ്രമിക്കുന്നു എന്നത് മറയാക്കി വിവരങ്ങൾ പൗരന് നിഷേധിക്കുന്നത് ആശാസ്യമായിരിക്കില്ല എന്നുകൂടി ആ പ്രസംഗത്തിൽ പറഞ്ഞു.

ഇതൊക്കെ സൗകര്യപൂർവ്വം കണ്ണടച്ചിരുട്ടാക്കിക്കൊണ്ടാണ് വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ചിലർ ആരോപിക്കുന്നത്. ചിലർ ഇതു ദുരുപയോഗിക്കുന്നു എന്നതുപോലും വിവര വിനിമയത്തിന് തടസ്സമായികൂടാ എന്നാണ് പറഞ്ഞത് എന്നിരിക്കെ എത്രയോ വ്യക്തമാണ് സർക്കാർ നിലപാട്.
ഇതിനൊപ്പം മറ്റൊരുകാര്യം ചൂണ്ടിക്കാട്ടി. അത് കേരളത്തിന്റെ കാര്യമല്ല, കേന്ദ്ര മന്ത്രിസഭായോഗ തീരുമാനവുമായി ബന്ധപ്പെട്ട കാര്യമാണത്. രാജ്യരക്ഷാവിഷയവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പുറത്തുപോയാൽ ആ നിമിഷം രാജ്യത്തിന്റെ പ്രതിരോധ ശക്തി ദുർബലമാകുമെന്നും ശത്രുക്കൾക്കതുകൊണ്ട് ഗുണമുണ്ടാകുമെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത് സാമ്രാജ്യത്വം ഉപയോഗിക്കുമെന്നുമുള്ള സൂചനയാണ് നൽകിയത്. വിമർശിക്കുന്നവർക്ക് മറിച്ചാണോ അഭിപ്രായം?

വിവരാവകാശനിയമം രാജ്യരക്ഷാകാര്യത്തിൽ വിവേചനരഹിതമായി ഉപയോഗിക്കട്ടെ, സാമ്രാജ്യത്വം അത് പ്രയോജനപ്പെടുത്തി ഇന്ത്യയെ അസ്ഥിരപ്പെടുത്തട്ടെ എന്നൊക്കെയാണോ അഭിപ്രായം. ഏതായാലും ആ നിയമം വിഭാവനം ചെയ്തവർക്കാർക്കും ആ അഭിപ്രായമില്ല. അതുകൊണ്ടുതന്നെയാണ് വിവരാവകാശ നിയമം എവിടെ ബാധകമാകാം, എവിടെ അരുത് എന്ന് അവർ കൃത്യമായി വേർതിരിച്ചുവെച്ചത്. ഈ വേർതിരിവ് വേണമെന്ന ചർച്ച ഈ നിയമം പരിഗണനയ്ക്കുവന്നപ്പോൾ പാർലമെന്റിലും വന്നു. അത് നിയമത്തിൽ പ്രതിഫലിച്ചിട്ടുമുണ്ട്. അക്കാര്യം ശ്രദ്ധയിൽ വയ്ക്കണമെന്ന് വിവരാവകാശ കമ്മിഷനെ ഓർമിപ്പിക്കുന്നത് എങ്ങനെ വിവരവാകാശ നിയമത്തിന് വിരുദ്ധമാകും?
ഇതിനർത്ഥം സർക്കാർ രേഖകൾ ഇരുമ്പുമറയ്ക്കപ്പുറം വെച്ചുപൂട്ടണമെന്നല്ല. അഴിമതികൾ പുറത്തുപോകാത്ത വിധം രേഖകൾ പൂഴ്ത്തിവയ്ക്കണമെന്നല്ല. ചില സംഭാവ്യതകൾ സൂചിപ്പിച്ചുവെന്നേയുള്ളു. കേരള മന്ത്രിസഭായോഗ കാര്യത്തിലേയ്ക്ക് പ്രസംഗത്തിൽ കടന്നിട്ടേയില്ല എന്നതാണ് സത്യം.
വിവരാവകാശ കമ്മിഷനെ ശക്തിപ്പെടുത്താൻ വേണ്ട നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ചു. ആ നിയമം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നകാര്യം പരിശോധിക്കാമെന്നും ആ നിയമത്തെക്കുറിച്ച് കൂടുതൽ പേരെ ബോധവൽക്കരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്. ഇപ്പറഞ്ഞകാര്യങ്ങളൊന്നും കാണാതെ, നിയമത്തെ ദുർബലപ്പെടുത്താൻ ആരോ ശ്രമിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെട്ടത് നിർഭാഗ്യകരം മാത്രമല്ല സത്യവിരുദ്ധം കൂടിയാണ്.

അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമം വഴി ചോദിച്ചിട്ടും കൊടുക്കാതിരുന്ന മുൻ സർക്കാരിനെപ്പോലെയാണ് ഈ സർക്കാരും എന്നുവരുത്തി തീർത്ത് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താൽപര്യത്തിലല്ല. ആ നിയമത്തിനുവേണ്ടി ദീർഘകാലം പൊരുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്ന വ്യക്തിയിൽ നിന്ന് മറിച്ച് ഒരു സമീപനം ഉണ്ടാവുമെന്നു കരുതുന്നതിൽ അർത്ഥമില്ല. വിവരാവകാശം സംബന്ധിച്ച നിലപാടിൽ തെറ്റിദ്ധാരണപടർത്താൻ ശ്രമിക്കുന്നവരുണ്ടാകാം. എന്നാൽ തെറ്റിദ്ധാരണ പരത്തുന്നവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ചുമതലയുള്ളവർ മറിച്ചൊരു നിലപാടെടുത്താലോ?

LEAVE A REPLY

Please enter your comment!
Please enter your name here