തിരുവനന്തപുരം: വാർഡുകളും ഡിവിഷനുകളും അടിസ്ഥാനമാക്കി കണ്ടെയിന്മെന്റ് സോണുകൾ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവരുന്നതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗിയും, രോഗിയുമായി അടുത്തിടപഴകിയവരും(പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ) താമസിക്കുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുമെന്നും അത് അടിസ്ഥാനമാക്കിയാകും കണ്ടെയിന്മെന്റ് സോണുകൾ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇതിനായി പ്രത്യേകം മാപ്പുകൾ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതോടൊപ്പം രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന പൊലീസിന് നൽകിയതായും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രത്യേക പരിശീലനത്തിലൂടെ ഇതിനുള്ള കഴിവ് പൊലീസ് ആർജ്ജിച്ചിട്ടുണ്ട്.രോഗിയുടെ പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള പൂർണ ചുമതല പൊലീസുകാർക്കായിരിക്കും. പട്ടിക തയ്യാറാക്കാനായി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തിക്കുക. പട്ടിക തയ്യാറാക്കാനായി 24 മണിക്കൂറുകളാണ് നൽകിയിട്ടുള്ളത്.

പുതിയ തീരുമാനപ്രകാരം തീവ്ര നിയന്ത്രിത മേഖലകൾ കണ്ടെത്താനുള്ള ചുമതലയും സംസ്ഥാന പൊലീസിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർ പൊലീസിന്റെ പ്രവർത്തണം ഏകോപിപ്പിക്കുമെന്നും തീവ്ര നിയന്ത്രിത മേഖലകളിലെ നിയന്ത്രണങ്ങൾ നടപ്പാക്കാനായി പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മാർഗനിർദേശങ്ങൾ സംബന്ധിച്ച ചട്ടലംഘനങ്ങൾ നിയന്ത്രിക്കാനുള്ള അധികാരവും പൂർണമായും പൊലീസിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here