cmന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിലൂടെ കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവുമെന്ന നിലപാട് ചർച്ചയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ പി.ജെ.ജോസഫ്, കെ.സി.ജോസഫ്, അനൂപ് ജേക്കബ്, വി എസ്.ശിവകുമാർ, കെ.ബാബു എന്നിവരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. അണക്കെട്ടിൽ വിദഗ്ദ പരിശോധന വേണമെന്നും കേന്ദ്രത്തിന്റെ മദ്ധ്യസ്ഥതയിൽ ഇരു സംസ്ഥാനങ്ങളും ചർച്ച നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു. ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.

പ്രധാനമന്ത്രിയടക്കം 14 കേന്ദ്രമന്ത്രിമാരെ ഇതുവരെ കണ്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. 150 രൂപയ്ക്ക് കർഷകരിൽ നിന്ന് റബർ സ്വീകരിക്കുന്നതിനായി കേന്ദ്രധനസഹായം വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയിൽ ടെണ്ടർ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് കേരളം റെയിൽ മന്ത്രാലയത്തെ സമീപിക്കും. ടെണ്ടർ ഒഴിവാക്കിയാൽ പദ്ധതിയിൽ താൽപര്യമുണ്ടെന്ന് സെയിൽ (സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം സോളാർ സംബന്ധിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. സംസ്ഥാനത്തിന്റെ ആവശ്യത്തിനാണ് ഡൽഹിയിൽ വന്നിരിക്കുന്നതെന്നും നാട്ടിൽ ചെന്നാൽ ഇത് തന്നെയാണല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലെ സ്ഥിതിയും കേരളത്തിന്റെ നിലപാടും ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് വിശദീകരിച്ചു. മറ്റ് മന്ത്രിമാരും ചർച്ചകളുടെ വിശദാംശം അറിയിച്ചു.

പാർലമെന്റ് മന്ദിരത്തിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് കൂടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരളം. മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടി കവിഞ്ഞ സാഹചര്യത്തിൽ കേന്ദ്രജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി കേരളത്തിന്റെ ആശങ്ക അറിയിച്ചിരുന്നു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് 48 മണിക്കൂറിൽ 60 സെന്റീമീറ്റർ മഴ പെയ്താൽ ജലനിരപ്പ് 160 അടി ഉയർന്ന് അണക്കെട്ട് കവിഞ്ഞൊഴുകുമെന്നാണ് ഡൽഹി ഐഐടിയുടെ ഹുസൈൻ കമ്മിറ്റി റിപ്പോർട്ട്. എന്നാൽ ഇത്തരമൊരു സാഹചര്യം വരില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. ചെന്നൈ പ്രളയത്തിനു മുൻപ് തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 30 സെന്റീമീറ്റർ മഴ പെയ്ത സാഹചര്യമാണ് ഇതിനു മറുപടിയായി കേരളം ഉയർത്തിക്കാട്ടുന്നത്.

തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. നിർമ്മാണം അന്തിമഘട്ടത്തിലുള്ള കണ്ണൂർ വിമാനത്താവളത്തിലെ ആഭ്യന്തര, രാജ്യാന്തര സർവീസുകളടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here