തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയർ കെ.ശ്രീകുമാറിനെ ബിജെപി സ്ഥാനാർഥി ‌ഡി.ജി.കുമാരൻ തോൽപ്പിച്ചു. കരിക്കകം വാർഡിലാണ് ശ്രീകുമാർ പരാജയപ്പെട്ടത്. അതേസമയം, ആന്തൂരിൽ എല്ലാ സീറ്റിലും വിജയിച്ച് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പുവരുത്തി. പ്രതിപക്ഷമില്ലാതെയാണ് ഇവിടെ എൽഡിഎഫിന്റെ ജയം. തൊടുപുഴയിൽ പി.ജെ. ജോസഫ് വിഭാഗത്തിന് തിരിച്ചടി. മൽസരിച്ച ഏഴു വാർഡിൽ അഞ്ചിടത്തും ജോസഫിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടു. ജോസ് വിഭാഗം മൽസരിച്ച നാലു സീറ്റിൽ രണ്ടിടത്ത് വിജയിച്ചു. കാസർകോട് നഗരസഭയിൽ യുഡിഎഫ് ആധിപത്യം. 38 വാർഡിൽ യുഡിഎഫ് 21,എൻഡിഎ 14 സിപിഎം 1, ലീഗ് റബൽ 1, സിപിഎം സ്വതന്ത്രൻ 1. കല്‍പറ്റ നഗരസഭയില്‍ ചെയര്‍പഴ്സനായിരുന്ന സനിതാ ജഗദീഷ് (എല്‍ഡിഎഫ്) തോറ്റു.

കോഴിക്കോട് മുക്കം നഗരസഭയിൽ ത്രിശങ്കു ഭരണം. എൽഡിഎഫും യുഡിഎഫും 15 സീറ്റുകൾ വീതം നേടി. ലീഗ് വിമതന്റെയും എൻഡിഎയുടെയും നിലപാട് ഇവിടെ നിർണായകമാകും. രണ്ട് സീറ്റുകളാണ് എൻഡിഎയ്ക്കുള്ളത്. കോതമംഗലം എൽഡിഎഫ് പിടിച്ചടക്കി. ഫലമറിഞ്ഞ 12ൽ 10 സീറ്റും അവർ നേടി. യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. അതേസമയം, അങ്കമാലി നഗരസഭയിൽ യുഡിഎഫ് അധികാരത്തിലേക്കെത്തുകയാണ്. നിലവിൽ എൽഡിഎഫിനാണ് ഇവിടെ ഭരണം.

‌തൃശൂർ കോർപറേഷനിൽ യുഡിഎഫ് – എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി വക്താവും മേയർ സ്ഥാനാർഥിയുമായ ബി.ഗോപാലകൃഷ്ണന് തോൽവി. തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന വ്യക്തിയുമായ എ.ജി.ഒലീനയ്ക്കു തോൽവി. യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പമാണു വിജയിച്ചത്. അതേസമയം, ഫലം പുറത്തുവരുമ്പോൾ ഇടതുമുന്നണിക്ക് മുൻതൂക്കം. കേരള കോൺഗ്രസുമായുള്ള കൂട്ടുകെട്ട് പാലാ നഗരസഭയിൽ നേട്ടമായി. രണ്ടു ജില്ലകളിൽ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. എറണാകുളം, മലപ്പുറം ജില്ലകളിൽ യുഡിഎഫിനാണ് മുൻതൂക്കം. മലപ്പുറത്തും കോഴിക്കോട്ടും വെൽഫെയർ സഖ്യം നേട്ടം കൊയ്തു. അതേസമയം, നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനം ഉറപ്പിക്കുന്നുണ്ട്. പാലക്കാട്, ഷൊർണൂർ, ചെങ്ങന്നൂർ നഗരസഭകളിൽ ബിജെപിക്കാണ് ലീഡ്. കണ്ണൂർ കോർപ്പറേഷനിൽ അവർ അക്കൗണ്ട് തുറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here