രാജേഷ് തില്ലങ്കേരി

ദേശീയതലത്തിൽ കോൺഗ്രസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് കോൺഗ്രസിന്റെ ഈ ദുർഗതിക്ക് കാരണമെന്ന് വാദിക്കുന്നവരാണ് കൂടുതലും. എന്നാൽ എന്തുകൊണ്ടാണ് കോൺഗ്രസിന് ശക്തമായ നേതൃനിരയുണ്ടാവാതെ പോയത്?
 
 നെഹ്രുകുടുംബത്തിന്റെ മാസ്മരികതയിൽ ആയിരുന്നു കോൺഗ്രസിന്റെ ഇത്രയും നാളത്തെ നിലനിൽപ്, എന്നാൽ കാലം മാറി, ഇപ്പോൾ നെഹ്രുകുടുംബത്തിനും പഴയകാല പ്രതാപമില്ല. ബി ജെ പി ഉയർത്തിവിട്ട കൊടുംകാറ്റിൽ പലരും കടപുഴകി. സംസ്ഥാനങ്ങൾ ഓരോന്നായി കാവിയണിഞ്ഞുതുടങ്ങി. ബി ജെ പിയുടെ അശ്വമേഥത്തെ തടയാനുള്ള കെൽപ്പില്ലാതെ കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

കോൺഗ്രസിന്റെ കാലിനടിയിലെ മണൽ ഒലിച്ചുപോവുകയായിരുന്നു. നേതാക്കൾ പലരും പണത്തിനും അധികാരത്തിനുമായി ബി ജെ പി പാളയത്തിലേക്ക് ഓടിപ്പോവുന്ന ദൃശ്യവും നമ്മൾ കണ്ടു. എം എൽ എമാർ കുതിരകച്ചവടത്തിലൂടെ കോടികൾ സമ്പാദിച്ചപ്പോൾ പാവം അണികൾ ഒന്നുമറിയാതെ കണ്ണുമിഴിച്ചുനിന്നു. നരേന്ദ്രമോദിയെന്ന ഗുജറാത്ത് മുഖ്യമന്ത്രി പിന്നീട് ദേശീയ രാഷ്ട്രീയത്തിന്റെ മുഖമായി മാറുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

രണ്ടാം യു പി എ സർക്കാറിനെതിരെ ഉണ്ടായ അഴിമതിയാരോപണ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ കോൺഗ്രസ് നടുക്കടലിൽ തകർന്നടിഞ്ഞു. പലരും മുങ്ങിത്താണു, രക്ഷപ്പെട്ടവർ പലതീരങ്ങളിൽ എത്തി. കോൺഗ്രസിൽ പ്രതീക്ഷയർപ്പിച്ചിരുന്ന ന്യൂനപക്ഷ വോട്ടർമാർ പലയിടങ്ങളിലേക്ക് വഴിമാറി സഞ്ചരിച്ചു. ചിന്നഭിന്നമായ വോട്ട് ബാങ്കുകൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കും നിരാശമാത്രമാണ് സമ്മാനിച്ചത്.

ഓരോ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകൾ കഴിയുന്തോറും കോൺഗ്രസ് പാർട്ടിയുടെ ശക്തി ക്ഷയിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. പ്രതിപക്ഷ നേതാക്കൾപോലും ഇല്ലാത്ത ലോക്സഭ. മൃഗീയഭൂരിപക്ഷമുള്ള ഭരണ കക്ഷിയായി രണ്ടാം വട്ടവും അധികാരത്തിലേറിയ നരേന്ദ്രമോദിയുടെ രണ്ടാം എൻ ഡി എ ഭരണം. കോൺഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനം, ഇതാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം.

കോൺഗ്രസിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ ബി ജെ പിയിലേക്ക് ഒഴുകുന്നു.  ഒരു ശക്തനായ അധ്യക്ഷനെ കണ്ടെത്താൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്.

കോൺഗ്രസ് നേരത്തെയും രാഷ്ട്രീയമായ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. കോൺഗ്രസിന്റെ കരുത്തായി വിശേഷിപ്പിച്ചിരുന്ന ഇന്ദിരാ ഗാന്ധി തോൽവി ഏറ്റവുവാങ്ങിയിട്ടുണ്ട്. വലിയ തിരിച്ചടികൾ നേരിട്ട കോൺഗ്രസ് പിന്നീട് അധികാരത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. എന്നാൽ ഇന്ന് ഇന്ദിരാ ഗാന്ധിയെപ്പോലുള്ള അതിശക്തയായ ഒരു നേതാവിന്റെ അഭാവമാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിക്ക് പ്രധാന കാരണം.

ഇന്ത്യൻ ദേശീയതയുടെ പിൻമുറക്കാരായി വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. കോൺഗ്രസിന്റെ വലിയ പ്രതീക്ഷയായിരുന്നു രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് വൻവിജയമുണ്ടാവുമെന്ന് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനം കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഇരുപതിൽ പന്തൊമ്പത് സീറ്റുമായി യു ഡി എഫ് മിന്നുന്ന വിജയം നേടിയത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ അതായിരുന്നില്ല. കോൺഗ്രസിന്റെ പരമ്പരാഗതമായ കോട്ടകൾപോലും തകർന്നടിയുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

കോൺഗ്രസ് പാർട്ടിയും അതിന്റെ നേതൃത്വവും എന്നിട്ടും കാര്യങ്ങൾ നേരാവണ്ണം പഠിച്ചില്ലെന്നു വേണം കരുതാൻ. ഓരോ സംസ്ഥാനങ്ങളിലും തുടർച്ചയായി തിരിച്ചടി നേരിടുമ്പോഴും എന്താണ് തിരിച്ചടിയുടെ കാരണമെന്ന് അന്വേഷിക്കാനോ, തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് സ്വയം ശക്തിയാർജ്ജിക്കാനോ തയ്യാറാവുന്നില്ല എന്നതാണ് അതിശകരം.

രാഹുൽ പരാജയത്തോടെ ആയുധം വച്ച് കീഴടങ്ങി. കോൺഗ്രസിന്റെ താല്ക്കാലിക അധ്യക്ഷയായി ചുമതല ഏറ്റ സോണിയാ ഗാന്ധിയിൽ നിന്നും സ്ഥിരം അധ്യക്ഷപദവി ഏറ്റെടുക്കാൻ ആരുമില്ല. കോൺഗ്രസിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കപിൽസിബൽ ശശി തരൂർ തുടങ്ങിയ ഒരുപറ്റം നേതാക്കൾ നടത്തുന്ന ശ്രമങ്ങളെ സംശയത്തോടെ കാണാനാണ് നേതൃത്വം ശ്രമിച്ചത്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടവരെ കേൾക്കാൻ തയ്യാറാവാതിരുന്ന സോണിയാ ഗാന്ധി വൈകിയാണെങ്കിലും അനുകൂലമായ നിലപാടിലേക്ക് നീങ്ങുന്നത് ശുഭസൂചകമാണ്.

നെഹ്രു കുടുംബത്തിൽ നിന്നും അധ്യക്ഷ സ്ഥാനം മാറുന്നതിനോട് താല്പര്യമില്ലാത്ത നേതാക്കളാണ് കോൺഗ്രസിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു, എന്നാൽ എന്തെങ്കിലുമൊരു മാറ്റത്തിന് കോൺഗ്രസ് തയ്യാറല്ല. ജനാധിപത്യമാർഗത്തിലൂടെ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്നാണ് ചില കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം, കോൺഗ്രസ് ഓരോദിവസവും ക്ഷീണിച്ചുകൊണ്ടിരിക്കയാണ്. ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് ഊർജ്ജം പകരാൻ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്.  

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളോടെ കോൺഗ്രസിന്റെ അവസ്ഥ വീണ്ടും ദയനീയമാവും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പി ഉണ്ടാക്കിയിരിക്കുന്ന മേൽക്കൈ തകർക്കാൻ ഒരു ശക്തമായ മുന്നണി അനിവാര്യമാണ്. എന്നാൽ അതിനുള്ള കെൽപ് കോൺഗ്രസിനില്ല. ബി ജെ പിക്കെതിരായി ഒരു പ്രതിപക്ഷ ഐക്യം എന്നത് നടക്കാതെ പോയ നീക്കമാണ്. കോൺഗ്രസിൽ ഇന്ന് ഒരു പ്രതിപക്ഷ കക്ഷിക്കും വിശ്വാസമില്ല. അതുകൊണ്ടുതന്നെ ഒരു വിശാലമുന്നണി രൂപപ്പെടാനുള്ള സാധ്യതയും വിദൂരമാണ്.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്നത് ഏറ്റവും വലിയ തിരിച്ചടിയാണ്. അതിനാൽ നഷ്ടപ്പെട്ട പ്രതാപവും വിശ്വാസവും വീണ്ടെടുക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ഇനിയെങ്കിലും നടത്തേണ്ടത്.
ഇല്ലെങ്കിൽ ദേശീയതലത്തിൽ ചരിത്രമായി കോൺഗ്രസ് മാറും.

ഒരു കോക്കസായിരുന്നു എല്ലാ കാലത്തും എ ഐ സി സിയെ നിയന്ത്രിച്ചിരുന്നത്,  അവരാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ മാറ്റം വരരുതെന്ന് ആഗ്രഹിക്കുന്നവരും. ഇഷ്ടക്കാരെ മാത്രം കയറ്റുന്ന വണ്ടിയായി മാറിയതാണ് കോൺഗ്രസിന്റെ ഈ ദുരന്തങ്ങൾക്ക് കാരണം. പണവും പദവിയും കണ്ടാൽ എല്ലാം മറക്കുന്ന കുറേ എം എൽ എ മാരും അണികളെ വിശ്വാസത്തിലെടുത്ത് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത നേതൃത്വവുമാണ് കോൺഗ്രസിന്റെ ഈ ദുർഗതിക്ക് കാരണം.ജനകീയാടിത്തറയാണ്  കോൺഗ്രസ് തകർത്തുകൊണ്ടിരിക്കുന്നത്.  ഈ അവസ്ഥയിൽ കോൺഗ്രസിനെ ആർക്ക് രക്ഷിക്കാനാവും എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

കോൺഗ്രസിൽ നവയുഗം എന്ന് കൊട്ടി ഘോഷിച്ച് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി ഒറ്റ തോൽവിയോടെ എല്ലാം ഇട്ടെറിഞ്ഞ് വനവാസത്തിലേക്ക് പോയി. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമിത്തിലായിരുന്ന സോണിയാ ഗാന്ധി അധ്യക്ഷപദം ഏറ്റെടുത്തു.  മുഴുവൻ സമയ അധ്യക്ഷയാവാൻ സോണിയാ ഗാന്ധിക്ക് ആരോഗ്യപരമായ കാരണങ്ങളാൽ കഴിയുന്നില്ല. എന്നിട്ടും കോൺഗ്രസിന് മറ്റൊരു അധ്യക്ഷനെ കണ്ടെത്താൻ പറ്റുന്നില്ല.
 
പ്രീയങ്കാഗാന്ധിയെ അധ്യക്ഷപദം ഏൽപ്പിക്കുകയെന്നതാവാം ഒരു പക്ഷേ, സോണിയാ ഗാന്ധിയുടെ ലക്ഷ്യം. അണികളും, കൊള്ളാവുന്ന നേതാക്കളും ബി ജെ പിയിൽ ചേർന്നതിനു ശേഷം കോൺഗ്രസിനെ ശക്തിപ്പെടുത്താമെന്ന അജണ്ട ആരുടേതായിരിക്കാം. എന്തായാലും കോൺഗ്രസിലെ അഭ്യന്തകാര്യങ്ങൾ  അത്ര ശുഭകരമല്ല എന്നു വേണം കരുതാൻ.
 
ഇങ്ങ് കേരളത്തിൽ കെ പി സി സി അധ്യക്ഷനെ മാറ്റണമെന്ന മുറവിളി ഒരു ഭാഗത്തു നിന്നും ഉയരുകയാണ്. ഹൈക്കമാന്റിനെ വിവരങ്ങൾ ധരിപ്പിക്കുമെന്നാണ് കേരള നേതാക്കൾ പറയുന്നത്. ”ഹൈക്കമാന്റ് ” നൽകാൻ അവിടെ ആരാണ് ഉള്ളതെന്ന സംശയമാണ് ബാക്കിയുള്ളത്.  

LEAVE A REPLY

Please enter your comment!
Please enter your name here