ദുബായ്: ഹോട്ടലിന്റെ 27 മീറ്റർ വീതിയുള്ള ഹെലിപാഡിൽ വിമാനം ഇറക്കി റെക്കോഡ്. ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിലാണ് പോളിഷ് പെെലറ്റും എയ്‌റോബാറ്റുമായ ലൂക്ക് ചെപിയേല ലോക റെക്കോഡ് ഇട്ടത്. ഇതിനായി രണ്ട് വർഷം പ്രത്യേക പരിശീലനം നേടിയതായി അദ്ദേഹം പറഞ്ഞു.
ബുർജ് അൽ അറബ് ഹോട്ടലിൽ വിമാനം ഇറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. ഹോട്ടലിന്റെ 56-ാം നിലയിൽ 212 മീറ്റർ ഉയരമുള്ള ഹെലിപാഡിന് അടുത്തേയ്ക്ക് ചെപിയേലയുടെ വിമാനം വരുന്നത് വീഡിയോയിൽ കാണാം. വിമാനം ലാൻഡ് ചെയ്ത ശേഷം വീണ്ടും പറന്ന് ഉയരുന്ന ദൃശ്യങ്ങളും ഉണ്ട്.
വിമാനം പൂർണമായി നിൽക്കുന്നതിന് മുൻപ് ഹെലിപാഡിൽ നിന്ന് തെന്നിമാറിയെങ്കിലും നിയന്ത്രണം നഷ്ടപ്പെടാതെ അദ്ദേഹം വിമാനം അവിടെ നിർത്തുകയായിരുന്നു. ചെപിയേല ഹോട്ടലിൽ ഇറക്കിയ വിമാനത്തിന് 425 കിലോഗ്രാം ഭാരവും 7.1 മീറ്റർ നീളവും 2.54 മീറ്റർ ഉയരവും ഉണ്ട്. ചിറകുകൾക്ക് 10.44 മീറ്റർ നീളമാണ് ഉള്ളത്. 650ലധികം തവണ ലാൻഡിംഗ് പരിശീലനം നടത്തിയ ശേഷമാണ് ഇത്തരമൊരു സാഹസികതയ്ക്ക് തുനിഞ്ഞതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.