അബുദാബി: പ്രവാസികൾക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദർശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികൾക്ക് രാജ്യത്ത് തന്നെ തുടർന്നുകൊണ്ട് കാലാവധി 30 ദിവസത്തേയ്ക്ക് കൂടി നീട്ടാൻ സഹായിക്കുന്നതാണ് പുതിയ നടപടി. കൂടാതെ ഒരു സന്ദർശക വിസയുടെ കാലാവധി പരമാവധി 120 ദിവസം വരെ നീട്ടാമെന്നും അധികൃതർ അറിയിച്ചു.


ഒരു മാസത്തേയ്ക്ക് വിസ നീട്ടി ലഭിക്കാൻ പ്രവാസികൾക്ക് 1150 ദിർഹമാണ് ചെലവ് വരുന്നത് എന്നാണ് ട്രാവൽ ഏജൻസികൾ അറിയിക്കുന്നത്. രാജ്യത്തിന് പുറത്ത് പോകാതെ വിസ പുതുക്കാനായുള്ള സൗകര്യം യുഎഇയിൽ മുൻപ് നിലവിലുണ്ടായിരുന്നു. ഇത് പിൻവലിച്ചത് സന്ദർശക വിസയിൽ ബന്ധുക്കളെ രാജ്യത്തെത്തിച്ച പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. നടപടി പുനരുജ്ജീവിപ്പിച്ചത് അനാവശ്യമായ ചെലവിൽ നിന്നും സമയനഷ്ടത്തിൽ നിന്നും പ്രവാസികളെ കരകയറ്റും.

അതേസമയം കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് വിസിറ്റ് വിസയിലെത്തുന്നവർക്കായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പാടാക്കിയത്. യുഎഇയിൽ അടുത്ത ബന്ധുക്കളുള്ളവർക്ക് മാത്രമാണ് വിസ അനുവദിക്കുക എന്നതായിരുന്നു നിലവിൽ വന്ന നിയന്ത്രണം. ഏതെങ്കിലും യുഎഇ പൗരന്റെ അടുത്ത ബന്ധുവിനോ സുഹൃത്തിനോ മാത്രമേ വിസ അനുവദിക്കു എന്ന നിയമം വിദേശികളുടെ സന്ദർശനവും താമസവും കൂടുതൽ നിയന്ത്രിക്കാനായാണ് നടപ്പിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here