അബുദാബി : അതിവേഗ പാതയ്ക്കു കുറുകെ ഇത്തിഹാദ് റെയിലിന്റെ മേൽപാലം പൂർത്തിയായി. അബുദാബി–അൽഐൻ ദേശീയ പാതയിൽ അൽവത്ബയിലാണ്  മേൽപാലം നിർമിച്ചത്. 10,000 ക്യുബിക് മീറ്റർ കോൺക്രീറ്റും 3,500 ടൺ ഇരുമ്പും ഒട്ടേറെ കോൺക്രീറ്റ് ബീമുകളും ഉപയോഗിച്ച് 13 മാസം കൊണ്ടാണ് പാലം നിർമിച്ചത്.

ഫുജൈറ പർവത നിരകൾക്കിടയിലൂടെ നിർമിച്ച 600 മീറ്റർ അൽബിത്‌ന പാലം, ദുബായിലെ അൽഖുദ്ര പാലം, അബുദാബി ഖലീഫ തുറമുഖത്തേക്കുള്ള മറൈൻ പാലം തുടങ്ങിയ പ്രധാന പാലങ്ങളിൽ ഒന്നു മാത്രമാണിത്. യുഎഇയിൽ ഉടനീളം ഇത്തിഹാദ് റെയിൽ ചരക്കു ശൃംഖല ഫെബ്രുവരി മുതൽ പ്രവർത്തനക്ഷമമായിരുന്നു.

ഇതുവഴി വർഷത്തിൽ 6 കോടി ടൺ ചരക്ക് കൊണ്ടുപോകാൻ കഴിയും. 2009ൽ സ്ഥാപിതമായ ഇത്തിഹാദ് റെയിൽ ഭാഗികമായി നിർമാണം പൂർത്തിയാക്കി 2016ൽ തന്നെ ആദ്യ ചരക്കു തീവണ്ടി സർവീസ് നടത്തിവരുന്നു. അബുദാബി ഷാ, ഹബ്‌ഷാൻ എന്നിവിടങ്ങളിലെ വാതകപ്പാടങ്ങളിൽ നിന്ന് റുവൈസ് തുറമുഖത്തേക്ക് സൾഫർ എത്തിച്ചാണ് സർവീസ് ആരംഭിച്ചത്. 1,200 കി.മീ ദൈർഘ്യമുള്ള പാത പൂർത്തിയാകുന്നതോടെ 2024ൽ യാത്രാ സേവനം ആരംഭിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here