കൊച്ചി: യുവസംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസില്‍ വഴിത്തിരിവെന്നു സൂചന. ദിലീപിനെ അഴിക്കുള്ളിലാക്കിയ യുവനടി ആക്രമിക്കപ്പെട്ട കേസുമായി പുതിയ കേസിനെ ബന്ധിപ്പിക്കാന്‍ സാധ്യതയണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസ്. എന്നാല്‍ നടി കൊടുത്ത പരാതിക്കു പുറമെ യുവനടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ജീന്‍ പോളിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഹണി ബീ 2 വില്‍ അഭിനയിക്കാനെത്തിയ പുതുമുഖ നടിയുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നല്ല, സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കെതിരെ യാതൊരു പരാതിയുമില്ല. നടിയെ ഈ സിനിമയിലേക്ക് കൊണ്ടു വന്നത് ശ്രീനാഥ് ഭാസിയാണെന്നു പരാതിയില്‍ പരാമര്‍ശവുമുണ്ട്. ഇക്കാര്യം എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജീന്‍ പോളും ശ്രീനാഥ് ഭാസിയും സംഘവും പ്രതിഫലം ചോദിച്ചെത്തിയ നടിയോട് അപമര്യാദയായി അശ്ലീല പ്രയോഗം നടത്തിയെന്നായിരുന്നു രാവിലെ പൊലീസ് പുറത്തുവിട്ട വിവരം. ജീന്‍ പോള്‍ ലാലിനും അച്ഛനായ ലാല്‍ പാര്‍ട്‌നറായ നിര്‍മാണകമ്പനിക്കും എതിരായാണ് പരാതി.

തുടക്കം മുതലേ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സിനിമയാണ് ഹണീ ബീ 2. സിനിമയുടെ സെറ്റില്‍ ലഹരി ഉപയോഗിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് ഇതേ സിനിമയുടെ ഡബ്ബിങിനായി പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ചിരുന്ന വാഹനവും ഇതേ സിനിമയുടെ ആളുകളുടേതായിരുന്നു. പിന്നീട് അറസ്റ്റും അന്വേഷണവും ദിലീപിലേക്ക് ഒതുങ്ങിയപ്പോഴും ഈ സിനിമയുടെ സംവിധായകനെയോ നിര്‍മാതാവിനെയോ അണിയറ പ്രവര്‍ത്തകരെയോ ചോദ്യം ചെയ്തിരുന്നില്ല.

പള്‍സര്‍ സുനിക്ക് ജീന്‍ പോള്‍ ലാലുമായും അടുപ്പമുണ്ടെന്ന് സൂചനകളുണ്ടായിട്ടും പൊലീസ് ആ വഴിക്ക് നീക്കങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ പേരില്‍ ഇപ്പോഴെടുത്തിരിക്കുന്ന നടപടി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു തന്നെയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം ഈ കേസില്‍ ഗൂഢാലോചന ഉണ്ടോയെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസും യുവനടിയുടെ പരാതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ലാല്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന ഉണ്ടാകില്ലെന്ന് വിശ്വസിച്ച ആളാണ് താനെന്നും ലാല്‍ പറഞ്ഞു. പള്‍സര്‍ സുനിയും കൂട്ടാളികളും ചെയ്ത കുറ്റകൃത്യം ആണെന്നാണ് വിശ്വസിച്ചതെന്നും കേസിന്റെ പുറകെ പിന്നീട് പിടിച്ചുപോകേണ്ട കാര്യമില്ലെന്നും വിചാരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

‘സിനിമാക്കാരുടെ കഥയായതുകൊണ്ട് ഒരു വലിയ ക്ലൈമാക്‌സ് വേണമെന്ന് ആളുകളും ചാനലുകാരും പ്രതീക്ഷിച്ചുപോയി എന്നൊക്കെയാണ് ഞാനും കരുതിയത്. പിന്നീട് ആണ് ആ കേസിലും ഗൂഢാലോചന ഉണ്ടെന്ന് മനസ്സിലായത്.–ലാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here