കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ രാജ്യത്തെ സമ്പന്നരോട് നിയമം വഴി ആവശ്യപ്പെട്ട് അര്‍ജന്റീന. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം അര്‍ജന്റീന സെനറ്റ് മില്യണെയര്‍ ടാക്‌സ് എന്ന വ്യത്യസ്ഥമായ നിയമത്തിന് ഒപ്പു വെച്ചു. ഇത് രാജ്യത്തെ പന്ത്രണ്ടായിരത്തോളം വരുന്ന സമ്പന്നരെയാണ് ബാധിക്കുകയെന്ന് ഏജന്‍സ് ഫ്രാന്‍സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മില്യണയര്‍ ടാക്‌സ് അഥവാ കോടീശ്വരന്മാരുടെ നികുതി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് രാജ്യത്തെ സമ്പന്നരായവര്‍ തങ്ങളുടെ സമ്പത്തിന്റെ നിശ്ചിത ശതമാനം തുക നികുതിയിനത്തില്‍ രാജ്യത്തെ കോവിഡ് ദുരിതാശ്വസ നിധിയിലേക്ക് നല്‍കണമെന്നാണ്. ഇതുവഴി കുറഞ്ഞത് 3.75 ബില്യണ്‍ ഡോളര്‍ സമാഹരിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു.

മില്യണയര്‍ ടാക്‌സ് പ്രകാരം പത്ത് മില്യണ്‍ ഡോളറില്‍ കൂടുതല്‍ പ്രഖ്യാപിത ആസ്തിയുള്ള വ്യക്തി രാജ്യത്തിനകത്തുള്ള സമ്പത്തിന് 3.5% വരെയും രാജ്യത്തിന് പുറത്തുള്ള സമ്പത്തിന് 5.25 ശതമാനം വരെയും നികുതിയടക്കണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സാമ്പത്തിക സഹായമായിട്ടാണ് നികുതിയിനത്തില്‍ ലഭിക്കുന്ന ഈ തുക പരിഗണിക്കപ്പെടുക.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം 44 മില്യണ്‍ ജനസംഖ്യയുള്ള അര്‍ജന്റീനയില്‍ 1.4 ദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകളും 40,000 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 മുതല്‍ കൗണ്ടി സാമ്പത്തിക മാന്ദ്യത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here