ഫ്രാൻസ് ബ്രിട്ടനുമായുള്ള അതിർത്തി 48 മണിക്കൂർ അടച്ചതിനെത്തുടർന്ന് ആയിരക്കണക്കിനു ട്രക്കുകൾ വഴിയിൽ കുടുങ്ങി. ചരക്കുനീക്കം നിലച്ചതുമൂലം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടിയന്തരയോഗം വിളിച്ചു. കോവിഡ് പരിശോധനയ്ക്കു പുതിയ മാനദണ്ഡങ്ങൾ തീരുമാനിച്ചശേഷം നാളെ രാവിലെ അതിർത്തി തുറക്കുമെന്നു ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.

∙ രാജ്യാന്തര വിമാന സർവീസുകൾ ഒരാഴ്ചത്തേക്കു നിർത്തിവച്ച സൗദി, വിദേശികൾക്കുള്ള ഉംറ തീർഥാടനവും താൽക്കാലികമായി നിർത്തി. കര, കടൽ അതിർത്തികളും അടച്ചു. ഇന്ത്യയിലേക്കുള്ള വന്ദേഭാരത് മിഷൻ, ചാർട്ടേഡ് വിമാന സർവീസുകളും റദ്ദാക്കി. ഇന്നലെ റിയാദിൽനിന്ന് ചെന്നൈയിലേക്കുള്ള സൗദി എയർലൈൻസ് വിമാനവും റിയാദ്–ഡൽഹി, റിയാദ്–ലക്നൗ വിമാനങ്ങളും സർവീസ് നടത്തിയില്ല. ടിക്കറ്റ് മറ്റൊരു തീയതിയിലേക്കു മാറ്റാൻ സൗകര്യമുണ്ടാകും. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങൾ തിരിച്ചുപോകാൻ അനുവദിച്ചു.

∙ ഒമാന്റെ കര, നാവിക, വ്യോമ അതിർത്തികൾ ഒരാഴ്ചത്തേക്കാണ് അടച്ചത്. ചരക്കു നീക്കത്തിനുള്ള വിമാനങ്ങൾ, കപ്പലുകൾ, ട്രക്കുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കി.

∙ കുവൈത്ത് രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവച്ചത് ജനുവരി ഒന്നു വരെയാണ്.

∙ യുകെയിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ ഇനത്തിനെതിരെയും ഫൈസർ വാക്സീൻ ഫലപ്രദമാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറഞ്ഞു. വിവിധ യൂറോപ്യൻ രാജ്യങ്ങൾ 27 മുതൽ വാക്സിനേഷൻ ആരംഭിക്കും.

∙ ഫൈസർ വാക്സീന്റെ ആദ്യഡോസുകൾ സിംഗപ്പൂരിലെത്തി.

∙ ഓക്സ്ഫഡ് വാക്സീൻ നിർമിക്കുന്ന ബ്രിട്ടിഷ് കമ്പനി അസ്ട്രാസെനക തങ്ങളുടെ വാക്സീൻ റഷ്യയുടെ സ്പുട്നിക് വാക്സീനുമായി ചേർത്തു പുതിയ ‘കോംബിനേഷൻ’ പരീക്ഷിക്കാൻ ധാരണയായി.

∙ പുതിയ ഇനം കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഡെന്മാർക്കിൽ കൊന്നു കുഴിച്ചുമൂടിയ 40 ലക്ഷം നീർനായ്ക്കളെ പുറത്തെടുത്തു ദഹിപ്പിക്കാൻ തീരുമാനിച്ചു. വലിയ ആഴമില്ലാതെ സംസ്കരിച്ച ഇവ പ്രദേശത്തെ കിണറുകളും മറ്റും മലിനമാക്കിയതോടെയാണു തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here