കൊച്ചി: 13-ാമത് ഗ്രീന്‍സ്‌റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് ഇറാനിലെ ടെഹ്‌റാന്‍ സ്വദേശി മുഹമ്മദ് റെസ മസൂമി കരസ്ഥമാക്കി. ആദ്യഘട്ടത്തില്‍ വിദഗ്ധരുള്‍പ്പെട്ട മൂന്നംഗ ജൂറി തെരഞ്ഞെടുത്ത 25 ഫോട്ടോഗ്രാഫുകളുള്‍പ്പെട്ട ചുരുക്കപ്പട്ടികയില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പരിസ്ഥിതിസ്‌നേഹികളും ഫോട്ടോഗ്രാഫി തല്‍പ്പരരും ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ മസൂമിയുടെ ഗംഭീര ചിത്രം ഒന്നാം സ്ഥാനത്തിന് തെരഞ്ഞെടുത്തത്.



യുഎസ്, ഇംഗ്ലണ്ട്, കാനഡ, അള്‍ജീരിയ, ബ്രസീല്‍, ഇറാന്‍, മലേഷ്യ, ദക്ഷിണ കൊറിയ, മൊറോക്കോ, വിയറ്റ്‌നാം തുടങ്ങി 42 രാജ്യങ്ങളില്‍ നിന്നുള്ള 3519 എന്‍ട്രകിളാണ് ഇത്തവണത്തെ അവാര്‍ഡിനു പരിഗണിക്കുന്നതിനായി ലഭിച്ചത്.

ഇറാനിലെ ഖലാഖല്‍ പ്രദേശത്തുള്ള മനുഷ്യനിര്‍മിതമായ കാടിന്റെ വിസ്മയകരമായ കാഴ്ചയാണ് മസൂമിന് അവാര്‍ഡ് നേടിക്കൊടുത്ത ഫോട്ടോഗ്രാഫിന്റെ വിഷയം. പരിസ്ഥിതിയ്ക്ക് പുത്തന്‍ ഊര്‍ജം പകര്‍ന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചു പിടിയ്ക്കാനുള്ള മനുഷ്യന്റെ ഐതിഹാസികമായ പരിശ്രമമാണ് ചിത്രം അനശ്വരമാക്കുന്നത്. ‘എന്റെ ഹൃദയം കൊണ്ടാണ് ഈ ചിത്രമെടുത്തതത്. അത് എന്നും അങ്ങനെയാണ്. നാളെ ഏത് ചിത്രമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എനിക്കറിയില്ല,’ അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് ടെഹ്‌റാനില്‍ നിന്ന് മുഹമ്മദ് റാസ മസൂമി പ്രതികരിച്ചു.

ഫിലിപ്പീന്‍സില്‍ നിന്നുള്ള ജോഫെല്‍ ബൊടെറോ യ്ബിയോസയാണ് ഒന്നാം റണ്ണര്‍-അപ് വിജയി. ഒരു ചട്ടിയും പിടിച്ചു നില്‍ക്കുന്ന കുട്ടിയുടെ നിഴല്‍ ചട്ടിയില്‍ നട്ടിരിക്കുന്ന ചെടിയുടെ മേല്‍ പ്രതിഫലിക്കുന്ന പ്രതീകസുന്ദരമായ കാഴ്ചയാണ് യ്ബിയോസയുടെ വിജയചിത്രത്തിലുള്ളത്. ഇറാനില്‍ നിന്നു തന്നെയുള്ള ഹാദി ഡെഹ്ഗാന്‍പോര്‍ രണ്ടാം റണ്ണര്‍-അപ് വിജയിയായി. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മൊമെന്റോകളുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്.

ആളുകളുടെ രാഷ്ട്രീയമോ പ്രത്യശാസ്ത്രപരമോ ആയ ചേരിതിരിവുകള്‍ കണക്കിലെടുക്കാതെ പരിസ്ഥിതിനാശം എല്ലാവരേയും ഒരുപോലെ ബാധിക്കുന്ന വിപത്താണെന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ച അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച ഡോ. ശശി തരൂര്‍ എംപി പറഞ്ഞു. ‘പൊതുആരോഗ്യം, സമ്പദ് വ്യവസ്ഥ, തൊഴില്‍ശക്തി തുടങ്ങി നമ്മുടെ എല്ലാ മേഖലകളേയും അത് പ്രതികൂലമായി ബാധിക്കും. നമ്മുടെ തലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം അതിനൊരു പ്രതിവിധി കണ്ടുപിടിയ്ക്കുക എന്നതാണ്,’ ഡോ. ശശി തരൂര്‍ പറഞ്ഞു.



ഐക്യരാഷ്ടസഭയുടെ കീഴിലുള്ള യുഎന്‍ഇപിയുമായി സഹകരിച്ചാണ് കഴിഞ്ഞ 13 വര്‍ഷമായി കൊച്ചി ആസ്ഥാനമായ ഗ്രീ്ന്‍സ്റ്റോം ഫൗണ്ടേഷന്‍ ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് സംഘടിപ്പിച്ചു വരുന്നത്. ആദ്യഘട്ടത്തില്‍ വിദഗ്ധരുള്‍പ്പെട്ട ജൂറി തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഇക്കുറി ലഭിച്ച 3519 എന്‍ട്രികളില്‍ നിന്ന് ആദ്യഘട്ടത്തില്‍ 25 ഫോട്ടോകളാണ് അഡ്വര്‍ടൈസിംഗ് ഗുരു പ്രതാപ് സുതന്‍ ചെയര്‍മാനായ ജൂറി ഫൈനല്‍ റൗണ്ടിലേയ്ക്ക് തെരഞ്ഞെടുത്തത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഐശ്വര്യ ശ്രീധര്‍, ബംഗളൂരുവിലെ ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിടെക്റ്റ് മൈക്ക്ള്‍ ലിറ്റ്ല്‍ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. ഹരിത പാരമ്പര്യത്തിന്റെ പുന:സ്ഥാപനം എന്നതായിരുന്നു ഈ വര്‍ഷത്തെ അവാർഡിന്റെ  ഇതിവൃത്തം.

ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന എന്‍ട്രികളുടേയും പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളുടേയും എണ്ണം പരിസ്ഥിതിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ജൂറി ചെയര്‍ പ്രതാപ് സുതന്‍ പറഞ്ഞു. ‘ഭൂമി നേരിടുന്ന വെല്ലുവിളികളെപ്പറ്റിയുള്ള അവബോധവും അവയെ ക്രിയാത്മകമായി നേരിടണമെന്ന ഉത്തരവാദിത്വബോധവും വര്‍ധിക്കുന്നതായാണ് ഞാന്‍
ഇതിലൂടെ മനസ്സിലാക്കുന്നത്. അറിയപ്പെടാത്ത നാടുകളില്‍ നിന്നുള്ള അറിയപ്പെടാത്ത ആളുകളുടെ സമര്‍പ്പണത്തിനാണ് ഗ്രീന്‍സ്‌റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് അങ്ങന വേദിയാകുന്നത്,’ പ്രതാപ് സുതന്‍ പറഞ്ഞു.

ഗ്രീന്‍സ്റ്റോമിന്റെ അവാര്‍ഡുകള്‍ക്കായി ഇങ്ങനെ ഒട്ടേറെ പ്രതിഭകള്‍ എത്തിയത് ഏറെ ആഹ്ലാദകരമാണെന്ന് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണന്‍ പറഞ്ഞു. ‘ലോകമെമ്പാടും നിന്ന് പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിലൂടെ ആഗോളതലത്തിലെ ഫോട്ടോഗ്രാഫി അവാര്‍ഡുകളുടെ കൂട്ടത്തിലെ മുന്‍നിരയിലെത്താന്‍ ഗ്രീന്‍സ്‌റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി അവാര്‍ഡിനു സാധിച്ചതിലും അഭിമാനമുണ്ട്,’ ദിലീപ് നാരായണന്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള യുവാക്കളില്‍ പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ക്രിയേറ്റീവ് കണ്‍സര്‍വന്‍സിയാണ് ഗ്രീന്‍സ്റ്റോം ഫൗണ്ടേഷന്‍. 2009 മുതല്‍ സര്‍ഗാത്മകതയെ പ്രധാന ചാലകശക്തിയാക്കി ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ 52 രാജ്യങ്ങളിലുള്ള 1.2 കോടി ആളുകളിലെത്തിയിട്ടുണ്ട്. പര്‍പ്പസ് ബ്രാന്‍ഡിംഗ് കമ്പനിയായ ഓര്‍ഗാനിക് ബിപിഎസിന്റെ സിഎസ്ആര്‍ പദ്ധതി എന്ന നിലയിലായിരുന്നു ഗ്രീന്‍സ്റ്റോമിന്റെ തുടക്കം.

അനില്‍ കെ മേനോന്‍, ദിലീപ് നാരായണന്‍, ജോര്‍ജ് കോര എന്നിവരാണ് കൊച്ചി ആസ്ഥാനമായി ലാഭേച്ഛയില്ലാത്ത പബ്ലിക് ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍സ്റ്റോമിന്റെ ട്രസ്റ്റികള്‍. ഇക്കാലത്തിനിടെ ഐഎഎ ഒലീവ് ക്രൗണ്‍ അവാര്‍ഡ് 2018, കെഎംഎ സിഎസ്ആര്‍ 2020, നിബ് അവാര്‍ഡ് 2017, പിആര്‍സിഐയുടെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ഓഫ് ദി ഇയര്‍ 2018, ബെസ്റ്റ് ഫോട്ടോഗ്രാഫിക്കുള്ള 2018ലെ പെപ്പര്‍ അവാര്‍ഡ്‌സ് ഗോള്‍ഡ് മെഡല്‍ തുടങ്ങി ഒട്ടേറെ പ്രമുഖ ആഗോള അവാര്‍ഡുകളും ഫൗണ്ടേഷന്‍ നേടിയിട്ടുണ്ട്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here