ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ അക്രമം. കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്. രൂക്ഷമായ വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ശ്രീലങ്കൻ ജനത രാജ്യം മുഴുവനും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. തീവ്രവാദികളാണ് പ്രതിഷേധം നടത്തുന്നതെന്നാണ് പ്രസിഡന്റ് ഗോട്ടബയ രജപക്സെ പ്രതികരിച്ചത്.

എന്നാൽ സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ചില പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. സമീപത്ത് നിർത്തിയിട്ടിരുന്ന ബസിന് തീവച്ചു. ഇതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. പ്രതിഷേധ പ്രകടനം നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റിന്റെ വസതിയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. 

ഡോളറിന്റെ കരുതൽ ശേഖരം കുറഞ്ഞതോടെയാണ് ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷമായത്. ഇന്ധനം ഉൾപ്പെടെ ഇറക്കുമതി ചെയ്യാൻ പറ്റാതായതോടെ രാജ്യത്ത് വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. 13 മണിക്കൂർ പവർകെട്ടാണ് രാജ്യത്ത് നിലവിലുള്ളത്. വരും ദിവസങ്ങളിൽ ഇത് 16 മണിക്കൂറിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here