ലണ്ടൻ : ഇന്ത്യൻ വംശജനായ ഋഷി സുനക് യു കെയുടെ 200 വർഷത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. നികുതി വെട്ടിക്കുറയ്ക്കൽ പദ്ധതികൾ പരാജയപ്പെട്ടതിനെ തുടർന്ന്, അധികാരമേറ്റ് കേവലം രണ്ട് മാസത്തിന് ശേഷം സർക്കാരിനെ നയിക്കാനാവാതെ ലിസ് ട്രസ് പടിയിറങ്ങിയതോടെയാണ് കൺസർവേറ്റീവുകളുടെ നേതാവായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചത്. ബോറിസ് ജോൺസൺ മടങ്ങിവരാനുള്ള ശ്രമം നടത്തിയെങ്കിലും ഋഷി സുനകിന് ലഭിക്കുന്ന സ്വീകാര്യത മനസിലാക്കി അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു.

 

മാന്ദ്യത്തിലേക്ക് നീങ്ങുന്ന ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥ കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഋഷിയുടെ ചുമലിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം പുതിയ രാജാവ് നിയമിക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന പ്രത്യേകതയും സുനകിനുണ്ട്. എലിസബത്ത് രാജ്ഞി മരണപ്പെടുന്നതിന് രണ്ട് ദിവസം മുൻപാണ് ലിസ് ട്രസ് അധികാരമേറ്റത്.ഇന്ന് ഇന്ത്യൻ സമയം 2.45 ഓടെ തന്റെ അവസാന കാബിനറ്റ് മീറ്റിംഗിനു ശേഷമാണ് ലിസ് ട്രസ് തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയത്. ഇതിന് പിന്നാലെ ഋഷി സുനക് ബക്കിംഗ്ഹാം പാലസിലെത്തി രാജാവുമായി കൂടിക്കാഴ്ച നടത്തി അധികാരമേറ്റു.

 

കഴിഞ്ഞ ദിവസം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത സുനക് രാജ്യത്ത് സ്ഥിരതയും ഐക്യവും കൊണ്ടുവരുമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. അധികാരം ഏറ്റെടുത്ത് 10 ഡൗണിംഗ് സ്ട്രീറ്റിന്റെ പടികളിൽ നിന്നുള്ള പുതിയ പ്രധാനമന്ത്രിയുടെ കന്നി പ്രസംഗത്തെയും ആവേശത്തോടെയാണ് ലോകം കേട്ടത്.

 

സുനകിന്റെ പുതിയ സ്ഥാനലബ്ധിയിൽ ഇന്ത്യയും ആവേശത്തിലാണ്. ഇന്ത്യൻ വംശജൻ ബ്രിട്ടനിൽ അധികാരം നിയന്ത്രിക്കുമ്പോൾ അത് ഇന്ത്യയെ കോളനിവത്കരണം നടത്തിയ ചരിത്രത്തിനുള്ള മറുപടിയായിട്ടാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ടെക് ഭീമനായ ഇൻഫോസിസിന്റെ സ്ഥാപകനായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് സുനക് വിവാഹം കഴിച്ചത്. ഈ ഒരു ബന്ധവും ഇന്ത്യക്ക് പുതിയ പ്രധാനമന്ത്രിയോടുണ്ട്.സുനകിന്റെ സ്ഥാനലബ്ധിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി അഭിനന്ദനങ്ങൾ അയച്ചു.


‘താങ്കൾ യുകെ പ്രധാനമന്ത്രിയാകുമ്പോൾ, ആഗോള പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും റോഡ്മാപ്പ് 2030 നടപ്പിലാക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ചരിത്രപരമായ ബന്ധത്തെ ഒരു ആധുനിക പങ്കാളിത്തമാക്കി മാറ്റുമ്പോൾ, പ്രത്യേക ദീപാവലി ആശംസകൾ,’ അദ്ദേഹം ട്വീറ്റ് ചെയ്തു.


1980 മെയ് 12 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജനിച്ച സുനക് 2010 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. യുകെയിലെ 2015 ലെ പൊതുതെരഞ്ഞെടുപ്പിൽ റിച്ച്മണ്ടിൽ നിന്ന് സുനക് വിജയിച്ചു. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ രണ്ടാം ടേമിൽ പാർലമെന്റ് അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2015 മുതൽ 2017 വരെ രണ്ട് വർഷക്കാലം ഊർജം, വ്യാവസായിക വകുപ്പിൽ പരിസ്ഥിതി, ഭക്ഷണം, ഗ്രാമകാര്യ സെലക്ട് കമ്മിറ്റി അംഗവും പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു ഋഷി സുനക്. പിന്നീട്, 2019 ൽ ബോറിസ് ജോൺസൺ സർക്കാരിന് കീഴിൽ ട്രഷറി ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമായി കണക്കാക്കുന്ന ചാൻസലർ ഓഫ് ദി എക്സ്ചെക്കറായി സുനകിന് 2020ൽ സ്ഥാനക്കയറ്റം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here