ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ അക്വേറിയം തകര്‍ന്നു. ജര്‍മനി ബര്‍ലിനിലെ അക്വോറിയത്തില്‍ 1500ലധികം അപൂര്‍വ്വയിനവും അത്ഭുതകരവുമായ മത്സ്യങ്ങളാണ് ഈ അക്വേറിയത്തില്‍ ഉണ്ടായിരുന്നത്. ബര്‍ലിനിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ വന്‍ ശബ്ദത്തോടെ അക്വേറിയം പൊട്ടുകയായിരുന്നു. 82 അടി ( 25 മീറ്റര്‍ ) ഉയരത്തില്‍ സിലിണ്ടര്‍ ആകൃതിയില്‍ നിര്‍മ്മിച്ച ഈ അക്വേറിയം ബര്‍ലിനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. അക്വേറിയത്തിനകത്ത് കൂടെ സഞ്ചാരികള്‍ക്ക് ലിഫ്റ്റില്‍ പോകാന്‍ കഴിയുന്ന രീതിയിലായിരുന്നു രൂപകല്‍പന. അകത്തേക്കിറങ്ങാനും ഇതുവഴി കഴിയുമായിരുന്നു.

പത്ത് ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന അക്വേറിയത്തില്‍ 1500 ല്‍ അധികം അപൂര്‍വ്വ ഇനം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. 2004 ലാണ് അക്വാറിയം തുറന്നത്. താപ നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അക്വേറിയത്തിലെ വെള്ളം ഒഴുകി ഹോട്ടലിനകവും പുറവും തകര്‍ന്നു. അവശിഷ്ടങ്ങള്‍ റോഡിലേക്കും ഒഴുകിയെത്തി. ചില്ല് തറച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം ആള്‍ത്തിരക്കില്ലാത്ത സമയത്തായതിനാലാണ് മറ്റു നാശനഷ്ടങ്ങള്‍ കുറഞ്ഞതെന്ന് ബര്‍ലിന്‍ പൊലീസ് വ്യക്തമാക്കി.

വലിയ നാശനഷ്ടമാണ് അക്വേറിയം പൊട്ടിത്തെറിച്ചതെങ്കിലും മനുഷ്യ ജീവന് വലിയ ഭീഷണി ഉണ്ടാകാതിരുന്നത് ഭാഗ്യമായെന്നാണ് അധികൃതര്‍ പറയുന്നത്. അതിരാവിലെ അപകടമുണ്ടായതാണ് നാശനഷ്ടം കുറയാന്‍ കാരണമായത്. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അക്വേറിയം പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ ഒരുപാട് മനുഷ്യ ജീവന് പോലും ഭീഷണിയുണ്ടാകുമായിരുന്നു എന്നും അധികൃതര്‍ വിവരിച്ചു. ആയിരത്തി അഞ്ഞൂറിലധികം അപൂര്‍വ മത്സ്യങ്ങളാണ് പൊട്ടിത്തെറിയില്‍ നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here