പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം നടന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങുകള്‍ മതിയെന്ന പോപ്പ് എമരിറ്റസിന്റെ ആഗ്രഹം കണക്കിലെടുത്താണ് ചടങ്ങുകള്‍ നടത്തിയത്. പോപ്പിനെ അവസാനമായി കാണാനെത്തിയത് ഒരു ലക്ഷത്തിലധികം ആളുകളാണ്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പിന്റെ മൃതദേഹം നാല് ദിവസത്തോളം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി ഓരോ മണിക്കൂറിലും ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.

സൈനിക സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ജനനം 1927 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ ബവേറിയയില്‍. പതിനാറാം വയസില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ വ്യോമസേനയില്‍ സഹായിയായിരുന്നു അദ്ദേഹം. യുദ്ധത്തിനിടെ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവില്‍ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്‌സിംഗര്‍ സഹോദരനൊപ്പം 1945 ലാണ് സെമിനാരി ജീവിതം ആരംഭിക്കുന്നത്. 1951ല്‍ വൈദികപ്പട്ടം ലഭിച്ചു.

1962ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്‌കരണ വാദികളിലൊരാളായി അദ്ദേഹം പേരെടുത്തു. 1977 ല്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പായി .ഇതേ വര്‍ഷം തന്നെ കര്‍ദ്ദിനാളും. 1981 നവംബറില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വര്‍വഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെത് കടുത്ത നിലപാടുകളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here