ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പദം രാജിവെച്ചിറങ്ങേണ്ടി വന്നതില്‍ തെല്ലും പശ്ചാത്താപമില്ല എന്ന് ജസീന്ത ആര്‍ഡെന്‍. ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി എന്നും ആര്‍ഡെന്‍ പറഞ്ഞു. നേപ്പിയര്‍ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ഡെന്‍. അപ്രതീക്ഷിതമയാണ് ജസീന്ത രാജി പ്രഖ്യാപനം നടത്തിയത്.

ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജം ഇല്ലെന്ന് ജസീന്ത വ്യക്തമാക്കി. പടിയിറക്കം കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെയാണ്. അടുത്ത മാസം ഏഴിന് ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. ഒക്ടോബര്‍ 14- നാണ് ന്യൂസിലാന്‍ഡില്‍ പൊതു തെരഞ്ഞെടുപ്പ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസീന്ത ആര്‍ഡെന്‍ വ്യക്തമാക്കിയിരുന്നു.

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതം നേടിയായിരുന്നു ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരം നേടിയത്. ജസീന്തയുടെ പാര്‍ട്ടി 49 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് നേടിയത്. കൊവിഡിനെ വിജയകരമായി നിയന്ത്രിച്ച ഭരണ മികവാണ് ജസീനതയ്ക്ക് ഈ ഉജ്ജ്വല വിജയം നല്കാന്‍ ന്യൂസീലന്‍ഡ് ജനതയെ പ്രേരിപ്പിച്ച പ്രധാന ഘടകം എന്നായിരുന്നു ഈ സമയത്തെ വിലയിരുത്തലുകള്‍.

എന്നാല്‍ പില്‍ക്കാലത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജസീന്തയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തരം ആരോപണങ്ങളില്‍ ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ ജസീന്ത തന്നെ നിയമിച്ചു. സാമ്പത്തിക പ്രതിസന്ധികളും ഉയര്‍ന്ന ജീവിത ചെലവുമടക്കമുള്ള പ്രശ്‌നങ്ങളില്‍ ന്യൂസിലന്‍ഡ് അമര്‍ന്നിരിക്കുമ്പോഴുള്ള ജസീന്തയുടെ രാജിയില്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അധികാരത്തിന് അടിമപ്പെടാത്ത തീരുമാനമെന്ന പ്രശംസയും ജസീന്തയെ തേടിയെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here