ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷാ റോന്തുചുറ്റലിന്(പട്രോളിങ്) തടസം സൃഷ്ടിച്ച ചൈനീസ് സൈന്യത്തിന് മറുപടി നൽകി ഇന്ത്യ. ചൈനയുടെ അതിർത്തികളിൽ ഇന്ത്യൻ സൈന്യം അതിക്രമിച്ച് കടന്നുവന്ന ചൈനയുടെ ആരോപണങ്ങളെയും ഇന്ത്യ തള്ളിയിട്ടുണ്ട്. ലഡാക്കിലെയും സിക്കിമിലെയും ഇന്തോ-ചൈന അതിർത്തികളിൽ ചൈനീസ് ഭാഗത്തേക്ക് ഇന്ത്യൻ സേന കടന്നുകയറ്റം നടത്തിയെന്നാണ് ചൈന ആരോപിക്കുന്നത്.

പോരാതെ, നിയന്ത്രണ രേഖകളിലെ(ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ) ഇന്ത്യൻ പ്രദേശങ്ങളിലുള്ള റോന്തുചുറ്റലിന് ചൈനീസ് സൈന്യം ഇപ്പോൾ തടസം സൃഷ്ടിക്കുകയും ചെയ്യുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ചൈനയുടെ കടന്നുകയറ്റങ്ങളെ കുറിച്ച് വിശദീകരിച്ചത്. നിരവധി തവണകളായി ചൈനയാണ് ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

ഇന്ത്യൻ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും അതിർത്തികളിലെ സുരക്ഷാ സംവിധാനത്തിന്റെ കാര്യത്തിൽ ഇന്ത്യ എന്നും ഉത്തരവാദിത്തപരമായ സമീപനമാണ് പുലർത്തിപോകുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. കൂടാതെ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും നിലനിർത്തുന്നതിൽ തങ്ങൾ ബദ്ധശ്രദ്ധരാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

മുൻപ് നിരവധി തവണ ചൈന ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ ശ്രമിക്കുകയും അത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ കലഹങ്ങളും ഉണ്ടാകുന്നതിലേക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് അടുത്തിടെ, സിക്കിമിലെ ഒരു ഇന്ത്യൻ ലെഫ്റ്റനന്റ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മൂക്കിന് ഇടിച്ച സംഭവവും പുറത്തുവന്നിരുന്നു. ‘ഇത് നിങ്ങളുടെ സ്ഥലമല്ല, തിരിച്ച് പോകണം’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ഇന്ത്യയുടെ ആ ധീരപുത്രൻ ചൈനീസ് സൈനികനെ മർദ്ദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here