ലോകകപ്പിന്റെ മുന്നൊരുക്കം എന്നു മാത്രം പറഞ്ഞാൽ പോര. ഏഷ്യാ കപ്പും ഒരു ലോകകപ്പ് തന്നെ എന്നുതന്നെയങ്ങു കരുതണം. ഏഷ്യയുടെ കലാശക്കൊട്ട് കഴിഞ്ഞ് രണ്ടാം നാൾ ലോകകപ്പിന്റെ കന്നിക്കൊട്ട് തുടങ്ങും. മാർച്ച് ആറിനാണ് ഏഷ്യാ കപ്പ് ഫൈനൽ. ലോകകപ്പ് തുടങ്ങുന്നത് എട്ടിനും. ലോകകപ്പിലെ ആദ്യ റൗണ്ടിൽ മൽസരിക്കേണ്ട എന്നതിനാൽ ഇന്ത്യയ്ക്ക് ഒരാഴ്ച ഇടവേള ലഭിക്കും. ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം ഇന്നലെ ധാക്കയിലേക്കു തിരിച്ചു.

ബുധനാഴ്ച ടൂർണമെന്റിന്റെ ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ബംഗ്ലദേശിനെ നേരിടും. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവർക്കൊപ്പം ടൂർണമെന്റിലെ അഞ്ചാം ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗ്യതാ മൽസരങ്ങൾ ഇപ്പോൾ നടക്കുന്നു. യുഎഇ, ഒമാൻ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ടീമുകളാണ് ശേഷിക്കുന്ന ആ സ്ഥാനത്തിനായി മൽസരിക്കുന്നത്. എല്ലാ ടീമുകളും രണ്ടു മൽസരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാലു പോയിന്റോടെ യുഎഇ മുന്നിൽ.

∙ ഇന്ത്യ–പാക്ക് പോരാട്ടം

ഏഷ്യാ കപ്പ് ഏകദിന, ട്വന്റി 20 ഫോർമാറ്റുകളിൽ മാറിമാറി നടത്താൻ കഴിഞ്ഞവർഷമാണ് തീരുമാനമെടുത്തത്. ഓരോ തവണയും അതിനുശേഷം വരുന്ന ഐസിസി ടൂർണമെന്റ് അനുസരിച്ചാകും ഏതു കളിക്കണമെന്നു തീരുമാനമെടുക്കുക. ഇത്തവണ ട്വന്റി20 ലോകകപ്പ് വരുന്നതിനാൽ ഏഷ്യാ കപ്പും ട്വന്റി20 ആയി. അടുത്ത തവണ ഏകദിന ലോകകപ്പിനു മുന്നോടിയായതിനാൽ ഏകദിന ഫോർമാറ്റ് ആയിരിക്കും. ഏഷ്യൻ ടീമുകൾക്ക് ലോകകപ്പിനൊരുങ്ങുക എന്നതാണ് ലക്ഷ്യം. 24ന് ഇന്ത്യയും ബംഗ്ലദേശും തമ്മിൽ ഷേർ–ഇ–ബംഗ്ല ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മൽസരം. ടൂർണമെന്റിലെ സൂപ്പർ പോരാട്ടം 27ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ. എല്ലാ ടീമുകളും പരസ്പരം കളിച്ചതിനുശേഷം മുന്നിലെത്തുന്ന രണ്ടു ടീമുകൾ ആറിനു ഫൈനൽ കളിക്കും.

∙ രഹാനെയ്ക്ക് ഇടമില്ല

ഒൻപതു വർഷം മുൻപ് ലോക ട്വന്റി20യിലാണ് ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ നായകസ്ഥാനത്തേക്ക് ഉദിച്ചുയർന്നത്. പാക്കിസ്ഥാനെതിരെ ഫൈനലിൽ മിസ്ബാ ഉൾ ഹഖിന്റെ ഷോട്ട് ശ്രീശാന്തിന്റെ കയ്യിലൊതുങ്ങിയതോടെ ധോണിയുടെ രാജയോഗം തുടങ്ങി. ശേഷം ഒരു പതിറ്റാണ്ടിനോടടുമ്പോൾ ധോണിക്ക് അസ്തമന കാലമാണ്. ഓസ്ട്രേലിയയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും ട്വന്റി20 പരമ്പര തൂത്തുവാരിയതോടെ വിമർശകർ തൽക്കാലം അടങ്ങിയെങ്കിലും യഥാർഥ പരീക്ഷണം അയൽനാട്ടിലെ ഏഷ്യാ കപ്പും സ്വന്തം നാട്ടിലെ ലോകകപ്പും തന്നെ. പെട്ടെന്നു വിരമിക്കില്ല എന്നു പറഞ്ഞ് ധോണി വീണ്ടും നയം വ്യക്തമാക്കിക്കഴിഞ്ഞു.

ടൂർണമെന്റിനു മുൻപ് നാട്ടിലും മറുനാട്ടിലുമായി അഞ്ചു ട്വന്റി20 മൽസരങ്ങൾ കളിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ലോകകപ്പിനു മുൻപ് ടീമിലെ എല്ലാവർക്കും അവസരം നൽകുമെന്ന് ധോണി പറഞ്ഞു. ബാറ്റിങ് ലൈനപ്പിനെക്കുറിച്ചു ചോദിച്ചപ്പോൾ ധോണിയുടെ സൂചന പ്രകാരം ഇങ്ങനെ– രോഹിതും ധവാനും ഓപ്പണിങ്ങിൽ, കോഹ്‌ലി മൂന്നാമത്, റെയ്നയും യുവ്‌രാജും പിന്നാലെ. ആറാം സ്ഥാനത്ത് ക്യാപ്റ്റൻ തന്നെ. പിന്നെ ജഡേജയും ഹാർദിക് പട്ടേലും. അജിങ്ക്യ രഹാനെയ്ക്കു ധോണിയുടെ ലൈനപ്പിൽ ഇടമില്ല എന്നു വ്യക്തം.

∙ ധവാന്റെ സ്വപ്നം

ധോണിക്കു പുറമെ ശിഖർ ധവാനും രോഹിത് ശർമയും ഇന്നലെ മാധ്യമങ്ങളോടു സംസാരിച്ചു. തമ്മിലുള്ള ഓപ്പണിങ് കൂട്ടിനെക്കുറിച്ചാണ് ഇരുവരും വാചാലരായത്. ഒരാൾ ആക്രമിച്ചു കളിക്കുമ്പോൾ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കാനുള്ള ധാരണ തങ്ങൾക്കിടയിലുണ്ടെന്ന് ധവാൻ പറഞ്ഞു. ‘സച്ചിൻ–ഗാംഗുലി എന്നിവരെപ്പോലെ സ്ഥിരതയുള്ള മികച്ച ഒരു ജോഡിയാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’.

പുതുമുഖതാരം പവൻ നേഗിയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യൻ ടീം: എം.എസ്. ധോണി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, യുവ്‌രാജ് സിങ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിൻ, ഹർഭജൻ സിങ്, ജസ്പ്രീത് ബുംറ, പവൻ നേഗി, ആശിഷ് നെഹ്റ, ഭുവനേശ്വർ കുമാർ.