പാക്കിസ്ഥാന്റെ ട്വന്റി 20 ക്രിക്കറ്റ് ടീമിനെ മുച്ചൂടും ആക്രമിച്ച മുൻ നായകൻ ജാവേദ് മിയൻദാദ്, ക്യാപ്റ്റൻ ശാഹിദ് അഫ്രീദിയെ ശരിക്കും ‘കശക്കി’. പണ്ടേ കളി കൈമോശംവന്ന ഒരാൾ നയിക്കുന്ന ടീം എങ്ങനെയാണു നന്നാവുക എന്ന് ഒരു ചാനലിലെ പരിപാടിയിൽ മിയൻദാദ് ചോദിച്ചു. ‘എങ്ങനെ കളിക്കുമെന്ന് ആർക്കും ഊഹിക്കാൻപോലും പറ്റാത്ത ഒരാൾ എങ്ങനെയാണു ദേശീയ ടീമിൽ കയറിക്കൂടുക? പാക്കിസ്ഥാൻ ടീമിൽ കളിക്കാനുള്ള യോഗ്യത അഫ്രീദിക്കു വർഷങ്ങൾക്കു മുൻപുതന്നെ നഷ്ടപ്പെട്ടതാണ്’ – മിയൻദാദ് പറഞ്ഞു.

പക്ഷപാതവും സ്വാർഥതാൽപര്യങ്ങളും കൊടികുത്തിവാഴുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് താഴേയ്ക്കു താഴേയ്ക്കു പോകുന്നതേ തനിക്കു കാണാൻ കഴിയുന്നുള്ളൂ എന്നാണ് ഈ മുൻ നായകന്റെ പക്ഷം. ‘ആഭ്യന്തര ക്രിക്കറ്റ് നല്ല പ്രതിഭകൾക്ക് ഉദയം നൽകുന്നില്ല. ക്രിക്കറ്റ് ബോർഡാണ് എല്ലാത്തിനും കാരണക്കാർ. അവർ ഒന്നും അറിയുന്നില്ല. ക്രിക്കറ്റിന് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നുമില്ല. പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മികച്ച കളിക്കാരെ കണ്ടെത്തുമെന്നാണ് അവകാശവാദം. പക്ഷേ, ഞാനാരെയും കാണുന്നില്ല. ഇന്ത്യൻ ലീഗിൽ (ഐപിഎൽ) കരാർ ഒപ്പിച്ചെടുക്കാൻ പോന്ന ഒരു കളിക്കാരനെയും ഇതുവരെ കാണാനായില്ല.

ഇക്കാലത്തു മാധ്യമങ്ങളാണല്ലോ കളിക്കാരെ തീരുമാനിക്കുന്നത്. ആദ്യം, സിലക്‌ഷൻ കമ്മിറ്റിയെ പിടിച്ചു പുറത്താക്കണം. പിന്നെ, കളിമറന്ന കളിക്കാരെയും – മുൻ നായകനും പരിശീലകനുമായ മിയൻദാദ് രോഷം കൊണ്ടു. വിരാട് കോഹ്‌ലിയെപ്പോലുള്ളവർ നൂറിൽ 70 – 80 ഇന്നിങ്സുകളിൽ തകർത്തു കളിക്കുന്നിടത്തു പാക്കിസ്ഥാൻകാർ നൂറിൽ കഷ്ടിച്ച് ഇരുപതോ മുപ്പതോ നല്ല ഇന്നിങ്സ് കളിച്ചാലായി. നമ്മുടെ പിള്ളേർക്ക് ‘ക്രിക്കറ്റ് സെൻസ്’ തൊട്ടുതീണ്ടിയിട്ടില്ല. താൽപര്യവുമില്ല. സംരക്ഷിക്കാൻ ആളുണ്ടല്ലോ!

പാക്കിസ്ഥാൻ ഇന്ത്യയെ മിക്കപ്പോഴും തോൽപിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോൾ ഇന്ത്യയ്ക്കു മുന്നിൽ തുടരെ മുട്ടുമടക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു – മിയൻദാദ് പറഞ്ഞുനിർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here