ടോക്കിയോ: മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയിട്ടും ടോക്കിയോ ഒളിംപിക്സിൽ ടെന്നിസ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ – അങ്കിത റെയ്ന സഖ്യം ആദ്യറൗണ്ടിൽത്തന്നെ തോറ്റു പുറത്ത്. യുക്രെയ്ന്റെ ഇരട്ട സഹോദരിമാരായ ല്യുദ്മിന കിചെനോക് – നാദിയ കിചെനോക് സഖ്യമാണ് സാനിയ–അങ്കിത സഖ്യത്തെ ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. സ്കോർ 6–0, 7–6, 10–8.

കിചെനോക് സഹോദരിമാർക്കെതിരെ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ ആദ്യ സെറ്റ് അനായാസം വിജയിച്ച സാനിയ–അങ്കിത സഖ്യം ബുദ്ധിമുട്ടില്ലാതെ ആദ്യ റൗണ്ട് കടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻതൂക്കം നേടിയ കിചെനോക് സഹോദരിമാർ, ടൈബ്രേക്കറിൽ അപ്രതീക്ഷിത വിജയം നേടി മത്സരം സ്വന്തമാക്കി.

രണ്ടാം സെറ്റിൽ സ്കോർ 5–3ൽ നിൽക്കെ സാനിയയാണ് സെർവ് ചെയ്തിരുന്നത്. എന്നാൽ, സമ്മർദ്ദം പിടികൂടിയതോടെ സാനിയയ്ക്ക് സെർവ് നഷ്ടമായി. അവിടുന്നങ്ങോട്ട് തിരിച്ചടിച്ച കിചെനോക് സഹോദരിമാർ സെറ്റ് പിടിച്ചെടുത്തു.

നിർണായകമായ ടൈബ്രേക്കറിൽ കിചെനോക് സഹോദരിമാർ 8–1ന്റെ ലീഡ് നേടിയതോടെ മത്സരം സാനിയയും അങ്കിതയും കൈവിട്ടെന്ന് ഉറപ്പിച്ചതാണ്. എന്നാൽ, അവിടുന്നങ്ങോട്ട് തുടർച്ചയായി ഏഴു പോയിന്റുകൾ നേടി സാനിയ സഖ്യം സ്കോർ 8–8ൽ എത്തിച്ച് പ്രതീക്ഷ കാത്തു. എന്നാൽ, രണ്ടു പോയിന്റ് കൂടി നേടി എതിരാളികൾ മത്സരം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here