ഇന്ത്യയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് മൽസരത്തിൽ തോറ്റ പാക്കിസ്ഥാൻ ടീം നായകൻ ശാഹിദ് അഫ്രീദിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് സൂചന. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണിത്. ടൂർണമെന്റ് അവസാനിക്കാൻ പോലും കാത്തു നിൽക്കാതെ അഫ്രീദിയുടെ തൊപ്പി തെറിക്കുമെന്ന സൂചന പാക്ക് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ടവർ പുറത്തുവിട്ടു കഴിഞ്ഞു. ഇന്നലെ നടന്ന മൽസരത്തിൽ ആറു വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇന്ത്യയോട് തോറ്റത്. പാക്കിസ്ഥാൻ കോച്ച് വഖാർ യൂനിസും പുറത്താകുമെന്നാണ് വിവരം.

ക്യാപ്റ്റനെന്ന നിലയിലുള്ള അഫ്രീദിയുടെ പ്രകടനത്തിൽ പാക്ക് ക്രിക്കറ്റ് ബോർഡിനുള്ളിൽ കടുത്ത അമർഷമുള്ളതായാണ് സൂചന. ലോകകപ്പിന് ശേഷം അഫ്രീദി വിരമിക്കുമെങ്കിൽ പോലും ക്യാപ്റ്റൻ സ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്തില്ല. മാത്രമല്ല, വിരമിച്ചില്ലെങ്കിലും കളിക്കാരനെന്ന നിലയിലുള്ള അഫ്രീദിയുടെ ടീമിലെ സ്ഥാനത്തിലും ഉറപ്പില്ല. ഇന്ത്യയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചതുൾപ്പെടെ മാധ്യമപ്രവർത്തകർക്കു മുന്നിൽ അഫ്രീദി നടത്തിയ പ്രസ്താവനകളും അദ്ദേഹത്തെ ബോർഡിന്റെ കണ്ണിലെ കരടാക്കിയിട്ടുണ്ട്.

ലോകകപ്പിന് ശേഷം ടീം സെലക്ഷൻ കമ്മിറ്റി തന്നെ പിരിച്ചുവിടുമെന്ന് പിസിബി ചെയർമാൻ ഷഹര്യാർ ഖാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാൻ ലോകകപ്പ് ജയിച്ചാൽപോലും ഹാറൂൺ റഷീദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിടുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here