ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിന് നാളെ തുടക്കം. ടി-20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ങ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ നടക്കും. ഋഷഭ് പന്തിനെ ഓപ്പണിംഗിലേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായതിനാൽ മലയാളി താരം സഞ്ജു സാംസൺ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

 

ഋഷഭ് പന്ത് ഓപ്പൺ ചെയ്താൽ ഒപ്പം ശുഭ്മൻ ഗില്ലോ ഇഷാൻ കിഷനോ എന്നതാവും അടുത്ത ചോദ്യം. വലംകയ്യൻ- ഇടങ്കയ്യൻ പരിഗണന ഗിൽ- ഋഷഭ്/ കിഷൻ എന്ന ഓപ്പണിംഗ് സഖ്യത്തെ പരീക്ഷിക്കാൻ ടീം മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചേക്കും. എന്നാൽ, ഗില്ലിന് ടി-20 ക്ക് പറ്റിയ വേഗതയില്ലെന്നത് കണക്കിലെടുത്താൽ കിഷനും പന്തും ഓപ്പൺ ചെയ്യും. ഗില്ലിനൊപ്പം പന്ത് ഓപ്പൺ ചെയ്താൽ മൂന്നാം നമ്പറിൽ കിഷനോ സഞ്ജുവോ കളിച്ചേക്കും. കിഷൻ, പന്ത് എന്നിവർ ഓപ്പൺ ചെയ്ത് ഗിൽ മൂന്നാം നമ്പറിലെത്താനും ഇടയുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു അഞ്ചാം നമ്പറിലാവും. പന്ത്, കിഷൻ എന്നീ രണ്ട് കീപ്പർമാരുള്ളപ്പോൾ സഞ്ജുവിനു പകരം ദീപക് ഹൂഡ കളിക്കാനും ഇടയുണ്ട്. പാർട്ട് ടൈം ബൗളർ ആണെന്നത് ഹൂഡയ്ക്ക് ഗുണം ചെയ്യും. ശ്രേയാസ് അയ്യരും സ്ക്വാഡിലുണ്ട്. അയ്യർ ടീമിലേക്ക് വന്നാൽ ഈ സമവാക്യങ്ങൾ മുഴുവൻ മാറും. ദീർഘകാലത്തേക്കുള്ള നിക്ഷേപമായി പരിഗണിക്കപ്പെടുന്ന വാഷിംഗ്ടൺ സുന്ദർ കളിക്കും. ചഹാൽ സ്പെഷ്യലിസ്റ്റ് സ്പിന്നറാവുമ്പോൾ പേസ് നിരയിലാണ് ഇന്ത്യക്ക് തലവേദന. ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക് എന്നീ പേസർമാരിൽ നിന്ന് മൂന്ന് പേരാവും കളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here