ദോഹ : ഡെന്‍മാര്‍ക്കിനെ 2-1 നു തോല്‍പ്പിച്ച്‌ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ്‌ ഫുട്‌ബോള്‍ ലോകകപ്പില്‍ നോക്കൗട്ടിലേക്ക്‌ ഒരു ചുവട്‌ വച്ചു. ഡി ഗ്രൂപ്പിലെ രണ്ടാം റൗണ്ട്‌ മത്സരത്തില്‍ ഫ്രാന്‍സിനു വേണ്ടി കിലിയന്‍ എംബാപ്പെ രണ്ട്‌ ഗോളുകളടിച്ചു.
61-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ മുന്നിലെത്താന്‍ അവര്‍ക്കായി. തിയോ ഹെര്‍ണാണ്ടസിന്റെ മുന്നേറ്റമാണു ഗോളില്‍ അവസാനിച്ചത്‌. എംബാപ്പെയുടെ മിന്നല്‍ വേഗം ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷ്‌മെയ്‌ക്കലിനെ മറികടന്നു. 68-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ക്രിസ്‌റ്റണ്‍സണിലൂടെ ഡെന്‍മാര്‍ക്ക്‌ സമനില പിടിച്ചു. ക്രിസ്‌റ്റന്‍ എറിക്‌സണിന്റെ കോര്‍ണര്‍ കിക്കിനെ ഹെഡ്‌ ചെയ്‌താണു ക്രിസ്‌റ്റണ്‍സണ്‍ ഗോളടിച്ചത്‌. ഫ്രഞ്ച്‌ ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്‌ ക്രിസ്‌റ്റണ്‍സണിന്റെ ഹെഡറില്‍ തൊടാന്‍ പോലുമായില്ല. 86-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്‌മാന്റെ സഹായത്തോടെയാണ്‌ എംബാപ്പെ ഗോളടിച്ചത്‌. വൈകിട്ടു നടന്ന ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ ഓസ്‌ട്രേലിയ ടുണീഷ്യയെ 1-0 ത്തിനു തോല്‍പ്പിച്ചിരുന്നു. 2010 നു ശേഷം ആദ്യമായാണ്‌ ഓസ്‌ട്രേലിയ ഒരു ലോകകപ്പ്‌ മത്സരം ജയിക്കുന്നത്‌. അല്‍ജനൂബ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മിച്ചല്‍ ഡ്യൂക്കാണു ഗോളടിച്ചത്‌. ഫ്രാന്‍സിനോട്‌ 4-1 നു തോറ്റ ഓസ്‌ട്രേലിയ്‌ക്കു ജയം അനിവാര്യമായിരുന്നു. വിലപ്പെട്ട മൂന്ന്‌ പോയിന്റ്‌ നേടിയ ഓസ്‌ട്രേലിയ അവസാന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ നേരിടും. ടുണീഷ്യക്ക്‌ ഫ്രാന്‍സാണ്‌ എതിരാളി. അര്‍ജന്റീനയെ അട്ടിമറിച്ചെത്തിയ സൗദി അറേബ്യയെ പോളണ്ട്‌ 2-0 ത്തിനു തോല്‍പ്പിച്ചു. സി ഗ്രൂപ്പ്‌ മത്സരത്തില്‍ പീറ്റര്‍ സീലിന്‍സ്‌കി, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എന്നിവരാണു ഗോളടിച്ചത്‌. തോല്‍വിയോടെ ടുണീഷ്യ പുറത്താകലിന്റെ വക്കിലായി.

LEAVE A REPLY

Please enter your comment!
Please enter your name here