ജോസ് കാടാപുറം

തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പോള്‍ വാള്‍ട്ട് ചാടാന്‍ മലപ്പുറം ആലത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നെത്തിയ മുഹമ്മദ് നിയാസ്, മുഹമ്മദ് ഷിബിന്‍ എന്നിവര്‍ വെട്ടി എടുത്ത മുളയുമായി ട്രെയിനില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ എത്തുകയായിരുന്നു. ഇവര്‍ രണ്ടും ഒഫീഷ്യല്‍സിന്റെ അനുവാദം വാങ്ങി മുള കൊണ്ട് മത്സരത്തില്‍ പങ്കെടുക്കുകയാരുന്നു. മറ്റുള്ളവര്‍ ആധുനിക ഫൈബര്‍ പോള്‍ കൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മുകളിലേക്ക് ചാടുമ്പോള്‍ ഫൈബര്‍ പോള്‍ വളയുന്നത് കൊണ്ട് കൂടുതല്‍ ഉയരത്തില്‍ ചാടാന്‍ കഴിയും. എന്നാല്‍ ഫൈബര്‍ പോളിന് അമ്പതിനായിരം രൂപ വരെയാണ് വില.

മലപ്പുറത്തെ മല്‍സ്യ തൊഴിലാളി കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതല്ല ഇത്രയും തുക. ജില്ലാ കായിക മേളയില്‍ ഉപയോഗിച്ച മുള ചാട്ടത്തിനു ഇടക്ക് പൊട്ടിപോയതിനാല്‍ വെട്ടിയെടുത്ത പുതിയ മുളയുമായാണ് രണ്ടു പേരും ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തിരുവന്തപുരത്ത് എത്തിയത്. ഒരാള്‍ക്ക് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. സംസ്ഥാന കായിക മേള റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി ടിവി റിപ്പോര്‍ട്ടര്‍ രാജ് കുമാര്‍ ഇവരുടെ സ്റ്റോറി റിപ്പോര്‍ട്ട് ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട സ്‌പോര്‍ട്‌സിനോട് അതീവ തല്പരനായ അമേരിക്കന്‍ മലയാളിയും വ്യവസായ പ്രമുഖനുമായ ബേബി ഊരാളില്‍ ബേബി അവര്‍ക്കുള്ള ഫൈബര്‍ പോള്‍ മേടിക്കാനുള്ള അരലക്ഷം രൂപയും പോക്കറ്റ് മണിയായി 200 ഡോളറും സമ്മാനിച്ചു.

കൈരളി യു എസ് പ്രധിനിധി ജോസ് കാടാപുറമാണ് വാര്‍ത്ത അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. കായിക താരങ്ങളായ മുഹമ്മദ് നിയാസും മുഹമ്മദ് ഷിബിനും കൈരളി തിരുവന്തപുരം ഓഫീസില്‍ എത്തി തുക കൈപ്പറ്റി. മല്‍സ്യ തൊഴിലാളി കുടുംബത്തിലെ കായിക താരങ്ങളുടെ നിസ്സഹായവസ്ഥ പുറം ലോകത്തെ അറിയിച്ച കൈരളി റിപ്പോര്‍ട്ടര്‍ രാജ് കുമാറും വാര്‍ത്ത കണ്ട് പണം നല്‍കാന്‍ മനസ്സുകാണിച്ച ബേബി ഊരാളിയും ഒരു പോലെ അഭിനന്ദനം അര്‍ഹിക്കുന്നു. തങ്ങളുടെ ഇല്ലായ്മ റിപ്പോര്‍ട്ട് ചെയ്ത കൈരളിയോടും ഇല്ലായ്മ കണ്ടറിഞ്ഞ സഹായിച്ച ബേബി ഊരാളിയോടും മുഹമ്മദ് നിയസും മുഹമ്മദ് ശിബിലും നന്ദി പറഞ്ഞു.

കായികതാരങ്ങള്‍ക്ക് ഭാവിയില്‍ മെഡല്‍ നേടാന്‍ ഇടവരുമെന്നു അവരുടെ സ്‌പോര്‍ട്‌സ് അധ്യാപകന്‍ ചടങ്ങില്‍ പറഞ്ഞു. തന്റെ മകന്‍ പഠനത്തിന് ഒപ്പം സ്‌പോര്‍ട്‌സ് കൊണ്ട് നടന്നത് ബേബി ചടങ്ങില്‍ ഓര്‍മിച്ചു. സ്‌പോര്‍ട്‌സില്‍ സജീവ മാകുന്നവര്‍ പഠനത്തിലും മികവ് പുലര്‍ത്തും അതാണ് തന്റെ അനുഭവമെന്നു ബേബി ഊരാളില്‍ പറഞ്ഞു. ചടങ്ങിന് സാക്ഷിയാകാന്‍ കൈരളി ഫിനാന്‍സ് ഹെഡ് വെങ്കിട്ടരാമന്‍, കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ .പി ചന്ദ്രശേഖരന്‍ , മാര്‍ക്കറ്റിംഗ് സീനിയര്‍ രമേശ് ,എച് ആര്‍ വിഭാഗം മുഹമ്മദ് ആരിഫ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ കൈരളി തിരുവന്തപുരം സ്റ്റുഡിയോയില്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here