കിങ്സ് ഇലവൻ പഞ്ചാബിന് ഐപിഎൽ ഒൻപതാം സീസണിലെ ആദ്യ ജയം. ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന റൈസിങ് പുണെ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് സീസണിലെ ആദ്യ ജയം നേടിയത്. പുണെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് എട്ടു പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ മനൻ വോഹ്റ (33 പന്തിൽ 51), മുരളി വിജയ് (49 പന്തിൽ 53) എന്നിവരാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 97 റൺസ് നേടി. സ്കോർ: റൈസിങ് പുണെ സൂപ്പർ ജയന്റസ് – 20 ഓവറിൽ ഏഴിന് 152. പഞ്ചാബ് – 18.4 ഓവറിൽ നാലിന് 153.

പുണെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഓപ്പണർമാരായ മുരളി വിജയും മനൻ വോഹ്റയും ചേർന്ന് നൽകിയത് ഈ ഐപിഎലിലെ അവരുടെ ഏറ്റവും മികച്ച തുടക്കം. തകർത്തടിച്ച് മുന്നേറിയ ഇരുവരും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 97 റൺസ്. 33 പന്തിൽ 51 റൺസെടുത്ത വോഹ്റയായിരുന്നു കൂടുതൽ ആക്രമണകാരി. ആദ്യം പുറത്തായതും വോഹ്റ തന്നെ. അങ്കിത് ശർമയ്ക്കാണ് വിക്കറ്റ്. ഷോൺ മാർഷ് (4), ഡേവിഡ് മില്ലർ (7) എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും 14 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സുമുൾപ്പെടെ 32 റൺസെടുത്ത് പുറത്താകാതെ നിന്ന ഗ്ലെൻ മാക്സ‌്‌വെൽ അവർക്ക് വിജയം സമ്മാനിച്ചു. പുണെയ്ക്കായി മുരുകൻ അശ്വിൻ നാല് ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുണെ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. അർധസെ‍ഞ്ചുറി നേടിയ ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സാണ് പുണെയുടെ സ്കോർ 150 കടത്തിയത്. 53 പന്തിൽ എട്ടു ബൗണ്ടറികളുൾപ്പെടെ ഡുപ്ലേസി 67 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് 26 പന്തിൽ 38 റൺസെടുത്ത് പുറത്തായി. പഞ്ചാബിനായി മോഹിത് ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here