രാജ്‌കോട്ട്‌: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം 91 റണ്ണിനു ജയിച്ചാണ്‌ അവര്‍ പരമ്പര നേടിയത്‌. 2-1 നാണു പരമ്പര നേട്ടം.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 228 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 16.4 ഓവറില്‍ 137 റണ്ണിന്‌ ഓള്‍ഔട്ടായി. ട്വന്റി20 യിലെ മൂന്നാം സെഞ്ചുറിയടിച്ച സൂര്യകുമാര്‍ യാദവാണ്‌ (51 പന്തില്‍ ഒന്‍പത്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം പുറത്താകാതെ 112) ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്‌. അക്ഷര്‍ പട്ടേല്‍ (ഒന്‍പത്‌ പന്തില്‍ നാല്‌ ഫോറുകളടക്കം പുറത്താകാതെ 21), രാഹുല്‍ ത്രിപാഠി (16 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 35), ഓപ്പണര്‍ ശുഭ്‌മന്‍ ഗില്‍ (36 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 46) എന്നിവരുടെ വെടിക്കെട്ടും പരമ്പര നേട്ടത്തിനു മികവേകി.
സിക്‌സര്‍ മഴയോടെയാണു സൂര്യകുമാര്‍ സെഞ്ചുറി കടന്നത്‌്. 45 പന്തുകളില്‍ എട്ട്‌ സിക്‌സറുകളും ആറ്‌ ഫോറുകളും അടിച്ചാണ്‌ താരം മൂന്നക്കം കടന്നത്‌. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ (ഒന്ന്‌) വിക്കറ്റ്‌ നഷ്‌ടപ്പെട്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ഇഷാനെ മധുശനക പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി തകര്‍ത്തടിച്ചതോടെ സ്‌കോര്‍ബോര്‍ഡ്‌ കുതിച്ചു. ത്രിപാഠി ഗില്ലിനൊപ്പം 49 റണ്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണു പുറത്തായത്‌.
സൂര്യകുമാര്‍ ക്രീസിലെത്തിയതോടെ സിക്‌സറുകള്‍ കൊണ്ട്‌ ആറാട്ടായി. ശുഭ്‌മന്‍ ഗില്‍ ഉറച്ച പിന്തുണ നല്‍കുകയും ചെയ്‌തു. മൂന്നാം വിക്കറ്റില്‍ 111 റണ്‍ ചേര്‍ത്ത ഈ സഖ്യം ഇന്നിങ്‌സിന്റെ നട്ടെല്ലായി. ഗില്ലിനെ 15-ാം ഓവറില്‍ വാനിന്ദു ഹസരങ്ക ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യയ്‌ക്കും (നാല്‌ പന്തില്‍ നാല്‌), ദീപക്‌ ഹൂഡയ്‌ക്കും (രണ്ട്‌ പന്തില്‍ നാല്‌) കാര്യമായ സംഭാവന നല്‍കാനായില്ല. പതിവ്‌ ഫോം തുടര്‍ന്ന അക്ഷര്‍ പട്ടേല്‍ സൂര്യകുമാറിനു മികച്ച പിന്തുണ നല്‍കി. 26 പന്തിലാണു സൂര്യകുമാര്‍ അര്‍ധ സെഞ്ചുറി കടന്നത്‌.
മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 29 പന്തില്‍ 50 റണ്ണും 49 പന്തില്‍ 100 റണ്ണും കടന്നു. ലങ്കന്‍ ബൗളര്‍മാരില്‍ കാസുന്‍ രജിത ഒഴികെയുള്ളവര്‍ തല്ലുവാങ്ങി. നാല്‌ ഓവറില്‍ 55 റണ്‍ വഴങ്ങിയ ദില്‍ഷന്‍ മധുശനക രണ്ട്‌ വിക്കറ്റെടുത്തു. കാസുന്‍ രജിത നാല്‌ ഓവറില്‍ ഒരു മെയ്‌ഡിന്‍ അടക്കം 35 റണ്ണാണു വഴങ്ങിയത്‌. രജിതയാണ്‌ ഹാര്‍ദിക്‌ പാണ്ഡ്യയെ പുറത്താക്കിയത്‌.
മഹീഷ തീക്ഷ്‌ണ നാല്‌ ഓവറില്‍ 48 റണ്ണും ചാമിക കരുണരത്‌നെ നാല്‌ ഓവറില്‍ 52 റണ്ണും വഴങ്ങി. ടോസ്‌ നേടിയ ഇന്ത്യ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തി. ലങ്ക ബാനുക രാജപക്‌സയ്‌ക്ക് പകരം ആവിഷ്‌ക ഫെര്‍ണാണ്ടോയെ കളിപ്പിച്ചു. മറുപടി ബാറ്റ്‌ ചെയ്‌ത ലങ്കയ്‌ക്ക് ഹാര്‍ദിക്‌ പാണ്ഡ്യ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്‌ നഷ്‌ടമാകേണ്ടതായിരുന്നു. പാതും നിസങ്ക (15) വിക്കറ്റിനു മുന്നില്‍ കുടുങ്ങിയതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യൂ രക്ഷിച്ചു. സഹ ഓപ്പണര്‍ കുശല്‍ മെന്‍സിഡ്‌ (15 പന്തില്‍ രണ്ട്‌ സിക്‌സറും ഫോറുമടക്കം 23) അടിച്ചു തകര്‍ത്തു. കുശലിനെ ഉമ്രാന്‍ മാലിക്കിന്റെ കൈയിലെത്തിച്ച്‌ അക്ഷര്‍ പട്ടേല്‍ വിക്കറ്റ്‌ വേട്ട തുടങ്ങി. അതേ സ്‌കോറില്‍ തന്നെ നിസങ്കയും മടങ്ങി. അര്‍ഷദീപ്‌ സിങിന്റെ പന്തില്‍ ശിവം മാവി പിടിച്ചാണു ലങ്കന്‍ ഓപ്പണര്‍ മടങ്ങിയത്‌. ആവിഷ്‌ക ഫെര്‍ണാണ്ടോ (ഒന്ന്‌) പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാതെ പാണ്ഡ്യയുടെ പന്തില്‍ അര്‍ഷദീപിനു പിടികൊടുത്തു. ധനഞ്‌ജയ ഡി സില്‍വ (14 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 22), നായകന്‍ ദാസുന്‍ ഷനക (17 പന്തില്‍ 23), ചരിത അസാലങ്ക (14 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 19) എന്നിവരുടെ പോരാട്ടത്തിനു ടീമിനെ ജയിപ്പിക്കാനായില്ല.
കഴിഞ്ഞ മത്സരത്തില്‍ തുടരെ മൂന്ന്‌ നോബോളുകള്‍ എറിഞ്ഞു വില്ലനായി അര്‍ഷദീപ്‌ സിങ്‌ മൂന്ന്‌ വിക്കറ്റെടുത്തു തിളങ്ങി. ഹാര്‍ദിക്‌ പാണ്ഡ്യ, ഉമ്രാന്‍ മാലിക്ക്‌, യുസ്‌വേന്ദ്ര ചാഹാല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. അക്ഷര്‍ പട്ടേലിനാണ്‌ ഒരു വിക്കറ്റ്‌്. രണ്ടാം ട്വന്റി20 യില്‍ ലങ്ക ജയിച്ചതോടെയാണ്‌ അവസാന മത്സരം നിര്‍ണായകമായത്‌. ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍ ട്വന്റി20 യിലെ ഇന്ത്യയുടെ വിക്കറ്റ്‌ വേട്ടക്കാരില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ഒന്നാമനായി. ചാഹാലും ഭുവനേശ്വറും 90 വിക്കറ്റുകള്‍ വീതമെടുത്തു. ധനഞ്‌ജയ ഡി സില്‍വ, ചരിത അസാലങ്ക എന്നിവരെയാണു ചാഹാല്‍ പുറത്താക്കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here